ഒരു യാത്രാമൊഴിയോടെ....; മണ്ണടിഞ്ഞ ഫ്‌ളാറ്റിന്റെ ഓര്‍മ്മകളിലൂടെ മേജര്‍ രവി- വീഡിയോ

“ഞങ്ങള്‍ തിരിച്ചുവരും, അതൊരു വാശിയാണ്” തകര്‍ന്നടിഞ്ഞ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റിനു മുന്നില്‍ നിന്ന് താമസക്കാരനും സംവിധായകനുമായ മേജര്‍ രവി പറഞ്ഞ കേരളക്കര മുഴുവന്‍ കേട്ടതാണ്. പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇതെന്നും ഇനിയും ഞങ്ങള്‍ ഒരുമിച്ചു തന്നെ നില്‍ക്കുമെന്നായിരുന്നു മേജര്‍ രവി പറഞ്ഞത്. ഇപ്പോഴിതാ മണ്ണടിഞ്ഞ ഫ്‌ളാറ്റിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന ഒരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ് മേജര്‍ രവി.

എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റിലെ ആഘോഷങ്ങളും ഒത്തുകൂടലുകളും പൊളിക്കലിനെതിരെയുള്ള പോരാട്ടവും ഒടുവില്‍ പൊളിക്കല്‍ വരെ എത്തിയ കാര്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മേജര്‍ രവി സംവിധാനം ചെയ്ത കുരുക്ഷേത്ര എന്ന ചിത്രത്തിലെ ഒരു യാത്രാമൊഴിയോടെ എന്ന ഗാനമാണ് വീഡിയോയുടെ പശ്ചാത്തല സംഗീതം.

നിരവധി പേരാണ് മേജര്‍ രവിയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ ദുഃഖം മനസ്സിലാകുന്നുണ്ടെന്നും എന്നാല്‍ നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ഒരു പാഠമാണ് ഇതെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. 25 ലക്ഷം രൂപയാണ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.