അഭിപ്രായ വ്യത്യാസങ്ങള്‍; മഹേഷ് നാരായണ്‍- കമല്‍ഹാസന്‍ ചിത്രം ഉപേക്ഷിച്ചു

സംവിധായകന്‍ മഹേഷ് നാരായണന്റെ ചിത്രത്തില്‍ കമല്‍ഹാസന്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഒരേപോലെ ആവേശമുണര്‍ത്തിയിരുന്നു. ഈ വര്‍ഷാവസാനം ആരംഭിക്കാനിരുന്ന സിനിമ ഉപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എത്തുന്നത്.

സിനിമയുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് സിനിമ ഉപേക്ഷിക്കുന്നത് എന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കമല്‍ ഹാസനും മഹേഷ് നാരായണനും തമ്മിലുള്ള പരസ്പര ധാരണയെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത് എന്നാണ് സൂചന.

കമല്‍ ഹാസനായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഭരതന്‍ സംവിധാനം ചെയ്ത കമല്‍ ചിത്രം ‘തേവര്‍മകന്റെ’ തുടര്‍ച്ചയായിരിക്കും ഈ ചിത്രമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ടേക്ക് ഓഫ്, സീ യൂ സൂണ്‍, മാലിക് എന്നീ മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്ത മഹേഷ് നാരായണന്‍, കമല്‍ ഹാസന്റെ ‘വിശ്വരൂപം’ എന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും ചിത്രസംയോജകനായിരുന്നു.

നിലവില്‍ കമല്‍ഹാസന്‍ ‘ഇന്ത്യന്‍ 2’ പൂര്‍ത്തിയാക്കിയ ശേഷം മണിരത്നത്തിനൊപ്പം ‘കെഎച്ച് 234’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ജോലികള്‍ ആരംഭിക്കും. ‘പാ രഞ്ജിത്ത്’, ‘വെട്രിമാരന്‍’, ‘എച്ച് വിനോദ്’ തുടങ്ങിയ സംവിധായകരുടെ പ്രോജക്ടുകളും അദ്ദേഹത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.