പൃഥ്വിരാജ് സിനിമയുടെ ചിത്രീകരണം; എതിര്‍പ്പുമായി കോളജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ജന ഗണ മന’ ചിത്രത്തിന്റെ ഷൂട്ടിംഗിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് കോളജ് വിദ്യാര്‍ത്ഥികളും അദ്ധാപകരും. മൈസൂരു സര്‍വകലാശാലയ്ക്ക് കീഴിലുള്ള മഹാരാജ കോളജിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഞായറാഴ്ച മുതല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു.

പ്രവൃത്തിദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം നടന്നതാണ് അദ്ധ്യാപകരെ ചൊടിപ്പിച്ചത്. കോടതി രംഗമാണ് കോളേജ് കാമ്പസിലെ രണ്ടിടങ്ങളിലായി ചിത്രീകരിച്ചത്. വരുമാനം ലഭിക്കാനായി കോളജില്‍ ചിത്രീകരണം നടത്താന്‍ സര്‍വകലാശാല അനുമതി നല്‍കാറുണ്ട്.

അവധിദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്താന്‍ അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ അധ്യയന ദിവസം സിനിമാ ചിത്രീകരണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ സര്‍വകലാശാലയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ക്ലാസുകള്‍ തടസ്സപ്പെടുത്തി കൊണ്ടല്ല ചിത്രീകരണം. നിബന്ധനകളോടെയാണ് ഷൂട്ടിംഗിന് അനുമതി നല്‍കിയത്. ഭാഷാവിവേചനമില്ലാതെ കോളജ് സിനിമാ ചിത്രീകരണത്തിന് നല്‍കാറുണ്ടെന്നും സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ആര്‍. ശിവപ്പ വ്യക്തമാക്കി.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന ഗണ മന. ചിത്രത്തിന്റെ പ്രൊമോ വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. സുരാജ് വെഞ്ഞാറമൂട് പൊലീസുകാരനായി വേഷമിടുമ്പോള്‍ പൃഥ്വിരാജ് കുറ്റവാളി ആയാണ് പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.