'ഒരു മനുഷ്യനെ തല ഉയര്‍ത്താന്‍ കഴിയാത്ത വിധം നാണം കെടുത്തണമെങ്കില്‍ രാജദ്രോഹിയെന്ന് മുദ്ര കുത്തിയാല്‍ മാത്രം മതി'; അഭ്രപാളിയില്‍ നമ്പി നാരായണന്‍, ട്രെയ്‌ലര്‍

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ബയോപിക് ആയി ആര്‍. മാധവന്‍ ഒരുക്കുന്ന “റോക്കട്രി: ദ നമ്പി ഇഫക്ട്” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ആര്‍. മാധവന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, ഇംഗ്ലീഷ് ഉള്‍പ്പെടെ ആറ് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് റോക്കട്രി.

അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ സിമ്രാനും രവി രാഘവേന്ദ്രയും പ്രധാന വേഷത്തിലെത്തുന്നു. സൂര്യ, ഷാരൂഖ് ഖാന്‍ എന്നിവര്‍ അതിഥി താരമായി വേഷമിടുന്നു.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

1994 നവംബര്‍ 30ന് ചാരവൃത്തി ആരോപിച്ച് നമ്പി നാരാണനെ അറസ്റ്റ് ചെയ്യുകയും അന്‍പതു ദിവസം ജയിലില്‍ അടക്കുകയുമുണ്ടായി. ഐഎസ്ആര്‍ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം. പിന്നീട് നിരപരാധിയാണന്നു മനസ്സിലാക്കി 1998ല്‍ സുപ്രീം കോടതി നമ്പി നാരായണനെ കുറ്റവിമുക്തനാക്കി. ഈ കേസിനെ അടിസ്ഥാനമാക്കിയാണ് സിനിമ.