റോക്കട്രിയും കാശ്മീര്‍ ഫയല്‍സും ഓസ്‌കര്‍ നോമിനേഷന് പരിഗണിക്കണമായിരുന്നു: മാധവന്‍

ഓസ്‌കാര്‍ നോമിനേഷനിലേക്ക് ഇന്ത്യ ‘റോക്കട്രി’യും വിവേക് അഗ്നിഹോത്രിയുടെ ‘കശ്മീര്‍ ഫയല്‍സും’ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് മാധവന്‍. ഗുജറാത്തി ചിത്രം ചെല്ലോ ഷോ ആണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തത്.

‘ധോക്ക: റൗണ്ട് ദി കോര്‍ണര്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് മാധവന്‍ സംസാരിച്ചത്. റോക്കട്രി എന്ന സിനിമയും സഹനടനായ ദര്‍ശന്‍ കുമാറിന്റെ ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രവും ഓസ്‌കാറിനായി പരിഗണിക്കണം. ദര്‍ശനും താനും അവരവരുടെ സിനിമകള്‍ക്കായുള്ള പ്രചാരണങ്ങള്‍ ആരംഭിക്കുകയാണ്.

ഗുജറാത്തി ചിത്രമായ ‘ചെല്ലോ ഷോ’യുടെ നിര്‍മ്മാതാക്കള്‍ക്ക് ആശംസകള്‍ നേരുന്നു. അവര്‍ വിജയിച്ച് ഇന്ത്യയ്ക്ക് അഭിമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ സിനിമാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ട സമയമാണിത്. നമുക്ക് ഇന്ത്യയില്‍ തത്തുല്യമോ അതിലും മികച്ചതോ ആയ ഓസ്‌കാര്‍ ഉണ്ട്.

നമ്മള്‍ കുറേയായി അതിനായി ശ്രമിക്കുന്നുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഓസ്‌കാര്‍ നേടുന്ന ഏതൊരാള്‍ക്കും അവരുടെ വളര്‍ച്ച, വരുമാനം, ശമ്പളം, വ്യവസായത്തില്‍ മുന്നോട്ട് പോകുന്ന രീതി എന്നിവയില്‍ വലിയ വ്യത്യാസമുണ്ടാകുന്നു എന്നതാണ് ഒരേയൊരു വ്യത്യാസം എന്നാണ് മാധവന്‍ പറയുന്നത്.

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍, വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്‌കാറിലേക്ക് എത്തിയത്. പാന്‍ നളിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.