മാമന്നനു ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു; സംവിധാനം മലയാളിയായ സുധീഷ് ശങ്കർ

മാരി സെൽവരാജ് സംവിധാനം ചെയ്ത ‘മാമന്നൻ’ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു. മലയാളിയായ സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ ‘വില്ലാളി വീരൻ’, തമിഴിൽ ‘ആറുമനമേ’ എന്നീ സിനിമകൾ സംവിധാനം ചെയ്ത സുധീഷിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണ് ഈ ചിത്രം.

സൂപ്പര്‍ ഗൂഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗദരിയാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 -മത് സിനിമയ്ക്ക് താത്കാലികമായി പ്രൊഡക്ഷൻ നമ്പർ 98 എന്നാണ് പേര് നൽകിയിരിക്കുന്നത്.

റോഡ് മൂവിയായാണ് ചിത്രം ഒരുങ്ങുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ജനുവരി 22 നാണ് ചിത്രീകരണം ആരംഭിക്കുന്നത്.

Read more

ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. മുൻപ് ഇതേ ഫഹദ് ഫാസിൽ- വടിവേലു- സുധീഷ് ശങ്കർ കൂട്ടുക്കെട്ടിൽ ‘ ‘ഹനുമാൻ ഗിയർ’ എന്ന പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.