ഒരു ജേഷ്ഠ സഹോദരനെ പോലെയാണ് എനിക്ക് രഞ്ജിയേട്ടന്‍: തെളിവിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി എം.എ നിഷാദ്

എം.എ നിഷാദ് സംവിധാനം ചെയ്ത സസ്പെന്‍സ് ത്രില്ലര്‍ തെളിവ് റിലീസിന് തയ്യാറെടുക്കുകയാണ്. ലാല്‍സലാം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളിക്ക് പ്രിയങ്കരനായ ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയൊരുക്കിയ ചിത്രം ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെയാണ് കടന്നു പോകുന്നത്. ചിത്രത്തില്‍ ശക്തമായ ഒരു പൊലീസ് കഥാപാത്രമായി രഞ്ജി പണിക്കര്‍ വേഷമിടുന്നു. ചിത്രത്തിലെ രമേഷ് കുമാര്‍ ഐപിഎസ് എന്ന കഥാപാത്രത്തെ വളരെ തന്മയത്തോടെ രഞ്ജി പണിക്കര്‍ അവതരിപ്പിച്ചു എന്ന് നിഷാദ് പറയുന്നത്.

“ഒരു ജേഷ്ഠ സഹോദരനെ പോലെയാണ് എനിക്ക് രഞ്ജിയേട്ടന്‍. തൂലിക പടവാളാക്കിയ കലാകാരന്‍. അദ്ദേഹത്തിന്റ്‌റെ സിനിമകള്‍ കണ്ട് കയ്യടിക്കാത്തവരില്ല. എന്റ്‌റെ പ്രിയപ്പെട്ട തിരകഥാകൃത്ത്. തലസ്ഥാനം,സ്ഥലത്തെ പ്രധാന പയ്യന്‍സ്, കിംഗ്, കമ്മീഷണര്‍ അദ്ദേഹത്തിന്റ്‌റെ മികച്ച സിനിമകളില്‍ ചിലത്. മലയാള സിനിമയില്‍ ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്‍റേതായ സ്ഥാനം ഇതിനോടകം രഞ്ജിയേട്ടന്‍ ഉറപ്പിച്ച് കഴിഞ്ഞു. എന്‍റെ കിണര്‍ എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. എനിക്ക് ഗുരുതുല്ല്യനായ രഞ്ജി പണിക്കര്‍ തെളിവ് എന്ന നമ്മുടെ സിനിമയില്‍ രമേഷ് കുമാര്‍ IPS എന്ന കഥാപാത്രത്തെ വളരെ തന്മയത്തോടെ അവതരിപ്പിച്ചു.” രഞ്ജി പണിക്കരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് നിഷാദ് കുറിച്ചു.

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. ലാല്‍, രഞ്ജി പണിക്കര്‍, നെടുമുടി വേണു, സയിദ് മൊഹസിന്‍ ഖാന്‍, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഇഥിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എം. ജയച്ചന്ദ്രന്‍ പശ്ചാത്തല സംഗീതവും കല്ലറ ഗോപന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കെ. ജയകുമാര്‍, പ്രഭാ വര്‍മ എന്നിവരാണ് തെളിവിലെ ഗാനങ്ങള്‍ രചിച്ചത്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഒക്‌റ്റോബര്‍ 18ന് തിയേറ്ററുകളിലെത്തും.