'സാഹോ' തോല്‍പ്പിക്കുമോ 'ലൂസിഫറി'നെ?

ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രം എന്ന വിശേഷണവുമായി പ്രഭാസ് നായകനായി എത്തിയ സാഹോ ഇന്ന് ആഗോളതലത്തില്‍ റീലീസ് ചെയ്തു കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലും ഗംഭീര റിലീസായെത്തിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ റെക്കോര്‍ഡ് സാഹോ പൊളിച്ചെഴുതുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. മോഹന്‍ലാല്‍ നായകനായി എത്തിയ ലുസിഫെര്‍ എന്ന മലയാള ചിത്രമാണ് ഈ വര്‍ഷം ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് നേടിയ ഇന്ത്യന്‍ ചിത്രം. 5.7 മില്യന്‍ ഡോളര്‍, അഥവാ 40 കോടിയോളം രൂപയാണ് ലുസിഫെറിന്റെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കളക്ഷന്‍.

രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് സല്‍മാന്‍ ഖാന്‍ നായകനായ ഭാരത് ആണ്. 4.41 മില്യന്‍ ഡോളര്‍ ആണ് ഭാരത് നേടിയത്. 2.12 മില്യന്‍ നേടിയ ടോട്ടല്‍ ധമാല്‍, 2.02 മില്യന്‍ നേടിയ ഗലി ബോയ്, 1.87 മില്യന്‍ നേടിയ പേട്ട എന്നിവയാണ് മൂന്നു മുതല്‍ അഞ്ചു വരെ ഉള്ള സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായി എത്തുന്ന, 350 കോടി രൂപ മുതല്‍ മുടക്കുള്ള സാഹോ എന്ന ബ്രഹ്മാണ്ഡ ചിത്രം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാള ചിത്രത്തിന് മുന്നില്‍ ഗള്‍ഫില്‍ മുട്ടു മടക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്.

ആദ്യദിനം തന്നെ ഗള്‍ഫില്‍ 1000 ഷോകളുമായെത്തി രജനികാന്ത്- അക്ഷയ് കുമാര്‍ ചിത്രം യന്തിരന്‍ 2 ന്റെ റെക്കോര്‍ഡ് ആണ് സാഹോ തകര്‍ത്തത്.