സല്‍മാനെ വധിക്കാന്‍ മുന്നേ പദ്ധതിയിട്ടു, പ്രൊഫഷണല്‍ കില്ലറെയും നാല് ലക്ഷത്തിന്റെ റൈഫിളും ഏര്‍പ്പാടാക്കി, തിരക്കഥ പുറത്ത്

നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ നേരത്തെ കൊലപാതകിയെ ഏര്‍പ്പാട് ചെയ്തിരുന്നതായി സമ്മതിച്ച് ഗുണ്ടാ സംഘത്തലവന്‍ ലോറന്‍സ് ബിഷ്ണോയി. 2021ല്‍ പൊലീസ് ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് ലോറന്‍സ് ബിഷ്ണോയിയെ ചോദ്യം ചെയ്തതിന്റെ വിശദ വിവരങ്ങള്‍ ഇന്ത്യാ ടുഡേയാണ് പുറത്തുവിട്ടത്. രാജസ്ഥാനില്‍ നിന്നുള്ള ഗുണ്ടാ സംഘാംഗം സംപത് നെഹ്റെയെയാണ് ഇതിനായി നിയോഗിച്ചത്.

നെഹ്റ നടന്റെ വീട് നിരീക്ഷിച്ചിരുന്നു. പിസ്റ്റള്‍ മാത്രമുള്ള സംപത് നെഹ്റ ദൂരെ നിന്ന് തന്നെ ഷൂട്ട് ചെയ്ത് കൊലപ്പെടുത്താന്‍ ആര്‍കെ സ്പ്രിംഗ് റൈഫിള്‍ വാങ്ങാന്‍ ഒരാളെ ഏര്‍പ്പാടാക്കിയന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ആര്‍കെ സ്പ്രിംഗ് റൈഫിള്‍ വാങ്ങാനായി ദിനേഷ് ഫുജി എന്നയാളെയായിരുന്നു ഏര്‍പ്പാടാക്കിയത്. നാല് ലക്ഷം രൂപയോളം ഈ റൈഫിളിനായി ലോറന്‍സ് ബിഷ്ണോയി മാറ്റിവെച്ചു.

അതേസമയം, സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി ലഭിച്ചിരുന്നു. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും കത്ത് മുഖാന്തരമാണ് താരത്തിനെതിരെ ഭീഷണി ലഭിച്ചത്. ‘മൂസെവാലയുടെ അവസ്ഥ തന്നെയാകും’ എന്നാണ് കത്തില്‍ പറയുന്നത്.

ബിഷ്ണോയി സമൂഹം വിശുദ്ധമൃഗങ്ങളായി കാണുന്ന മാനിനെ വേട്ടയാടിയെന്നാരോപിച്ചായിരുന്നു വധഭീഷണി.സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തിലെ ഒരാളായ സുന്നി എന്ന രാഹുല്‍ കൊലപാതക കേസില്‍ 2020ല്‍ അറസ്റ്റിലായിരുന്നു.