മലയാള സിനിമയില്‍ മാറ്റത്തിന് തുടക്കം കുറിച്ച സിനിമയാണ് 2011ല്‍ പുറത്തിറങ്ങിയ ‘ട്രാഫിക്’. മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ട സിനിമ. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മാതാവിന്റെ തുടക്കവും അവിടെ നിന്നാണ്. ചെറിയ പ്രായത്തിലെ വലിയ നിര്‍മ്മാതാവിന്റെ കുപ്പായം അണിഞ്ഞ ലിസ്റ്റിന്‍, തന്റെ 24-ാമത്തെ വയസിലാണ് ട്രാഫിക് നിര്‍മ്മിച്ചത്.
ആ വര്‍ഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ട്രാഫിക്കിന് ആയിരുന്നു. ഇമോഷണല്‍ ത്രില്ലര്‍ റോഡ് മൂവിയായി ട്രാഫിക് തന്റെ ആദ്യ നിര്‍മ്മാണ സംരംഭമായി ഏറ്റെടുത്ത ലിസ്റ്റിന്റെ മലയാള സിനിമയിലെ വളര്‍ച്ച പെട്ടെന്ന് ആയിരുന്നു. ന്യൂജനറേഷന്‍ സിനിമകള്‍ ഏറ്റെടുത്ത് നിര്‍മ്മിക്കാന്‍ ലിസ്റ്റിന്‍ മുന്നില്‍ തന്നെയായിരുന്നു.
2011ല്‍ തന്നെ മറ്റൊരു സിനിമ കൂടി ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണത്തില്‍ എത്തി. ‘ചാപ്പാ കുരിശ്’ മലയാള സിനിമയില്‍ എത്തിയ ഒരു വ്യത്യസ്ത അപ്രോച്ച് ആണ്. ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍ എന്നീ താരങ്ങള്‍ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമ കൂടിയാണ് ചാപ്പാ കുരിശ്. തങ്ങളുടെ കരിയറിലെ ടേണിങ് പോയിന്റ് ചാപ്പാ കുരിശ് ആണെന്ന് ഫഹദും രമ്യയും പലയിടത്തും തുറന്നു പറഞ്ഞിട്ടുണ്ട്. തൊട്ടടുത്ത വര്‍ഷം ലിസ്റ്റിന്‍ നിര്‍മ്മിച്ച ഉസ്താദ് ഹോട്ടല്‍ 2012ലെ ട്രെന്‍ഡിങ് സിനിമകളില്‍ ഒന്നാണ്. ദേശീയ അവാര്‍ഡ് അടക്കം നേടിയ ചിത്രം അന്ന് സെന്‍സേഷന്‍ ആയി മാറിയിരുന്നു. പിന്നീട് ട്രാഫിക്കും ചാപ്പാ കുരിശും തമിഴിലും റീമേക്ക് ചെയ്ത് ലിസ്റ്റിന്‍ എത്തിച്ചു.

മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കാരണമായതും ലിസ്റ്റിന്‍ തന്നെയാണ്. ലിസ്റ്റിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന സിനിമ പ്രേക്ഷകര്‍ ആഘോഷമാക്കി മാറ്റി. തമിഴില്‍ കുറച്ച് സിനിമകള്‍ നിര്‍മ്മിച്ചെങ്കിലും ധനുഷ് നായകനായ ‘മാരി’ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ശരത് കുമാറിന്റെയും രാധിക ശരത്കുമാറിന്റെയും നിര്‍മ്മാണ പങ്കാളി ആയാണ് ലിസ്റ്റിന്‍ തമിഴ് പടങ്ങള്‍ പ്രൊഡ്യൂസ് ചെയ്തത്. മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ ലിസ്റ്റിന്‍ ഒരുക്കി. ലിസ്റ്റിന്‍-പൃഥ്വിരാജ് കോമ്പോ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു. നിവിന്‍ പോളി ചിത്രം ‘തുറമുഖം’ സാമ്പത്തിക പ്രതിസന്ധിയില്‍ റിലീസ് ചെയ്യാനാവാതെ ഉഴറിയപ്പോള്‍ നിര്‍മ്മാണം ഏറ്റെടുത്ത് തിയേറ്ററുകളില്‍ എത്തിച്ചതും ലിസ്റ്റിന്‍ ആണ്.
കെട്ട്യോളാണ് എന്റെ മാലാഖ, ഡ്രൈവിങ് ലൈസന്‍സ്, ജന ഗണ മന, കടുവ, കൂമന്‍, ഗരുഡന്‍ എന്നിവ ലിസ്റ്റിന്റെ നിര്‍മ്മാണത്തില്‍ എത്തിയ മറ്റ് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്. നിലവില്‍ 29 ഓളം സിനിമകളാണ് ലിസ്റ്റിന്റെ നിര്‍മ്മാണത്തില്‍ എത്തിയിട്ടുള്ളത്. മെയ് 9ന് പുറത്തിറങ്ങാനിരിക്കുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യും ചിത്രീകരണം തുടരുന്ന ‘ബേബി ഗേള്‍’ എന്ന സിനിമയും ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രവുമാണ് ലിസ്റ്റിന്റെ ഏറ്റവും പുതിയ പ്രോജക്ടുകള്‍.
മലയാള സിനിമാ സംഘടകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവിയും ലിസ്റ്റിന് സ്വന്തമാണ്. കേരള ഫിലിം ഡിസ്ട്രിബ്യൂഷന്‍ പ്രസിഡന്റ് ആയിരുന്നു ലിസ്റ്റിന്‍. പേട്ട, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ്, കെ.ജി എഫ് 2, കാന്താര തുടങ്ങി ഒട്ടേറെ അന്യഭാഷാ സൂപ്പര്‍ഹിറ്റുകള്‍ കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. മാത്രമല്ല, ഇതുവരെ അധികം ഹേറ്റേഴ്‌സ് ഇല്ലാത്ത നിര്‍മ്മാതാവ് കൂടിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
മലയാള സിനിമ പ്രതിസന്ധിയില്‍ നിന്നപ്പോഴും തിയേറ്ററുകളില്‍ ഹിറ്റ് ചിത്രങ്ങള്‍ എത്തിച്ച നിര്‍മ്മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. കോവിഡ് കാലം മുതല്‍ മലയാളത്തില്‍ ഹിറ്റുകള്‍ കുറഞ്ഞിരുന്നു. പല നിര്‍മ്മാതാക്കളും ഡയറക്ട് ഒടിടി എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തപ്പോഴും 2021ലും 2022ലും സിനിമകള്‍ തിയേറ്ററില്‍ എത്തിച്ച് ഹിറ്റ് ആക്കാന്‍ ലിസ്റ്റിന് സാധിച്ചിട്ടുണ്ട്.
സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ലിസ്റ്റിന്‍ ഇന്ന് വിവാദങ്ങള്‍ക്ക് നടുവിലാണ്. തന്റെ പുതിയ ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ലോഞ്ചിനിടെ മലയാള സിനിമയിലെ ഒരു ‘പ്രമുഖ നടന്’ എതിരെ ലിസ്റ്റിന്‍ പ്രതികരിച്ചത് ചര്‍ച്ചയാവുകയായിരുന്നു. ”ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും” എന്നായിരുന്നു ലിസ്റ്റിന്‍ പറഞ്ഞത്. ഒരു നടന്റെയും പേരെടുത്ത് പറയാതെയുള്ള ഈ പരാമര്‍ശം വലിയ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും നീങ്ങുകയായിരുന്നു. പിന്നാലെ ആ പ്രമുഖ നടന്‍ നിവിന്‍ പോളിയാണ് എന്നുള്ള പരാമര്‍ശങ്ങളും എത്തി. ലിസ്റ്റിന്‍ നിര്‍മ്മിക്കുന്ന ‘ബേബി ഗേള്‍’ എന്ന പുതിയ സിനിമയിലെ നായകന്‍ നിവിന്‍ പോളിയാണ്. ചിത്രത്തിന്റെ സെറ്റില്‍ നിന്നും നിവിന്‍ ഇറങ്ങി പോയി എന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചു. എന്നാല്‍ അത് നിവിന്‍ അല്ലെന്നും മനസിലാകണ്ടവര്‍ക്ക് മനസിലായെന്നും ലിസ്റ്റിന്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
എന്നാല്‍ ലിസ്റ്റിനെ കടന്നാക്രമിച്ച് കൊണ്ട് ചില നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ‘ലിസ്റ്റിന്‍ തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരുടെ ഏജന്റ്, ആ വാക്കുകളില്‍ ഒറ്റുകാരന്റെ കൊതിയും കിതപ്പുമുണ്ട്’ എന്നായിരുന്നു നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ വാക്കുകള്‍. ചെന്നൈയില്‍ നിന്നും പണം വാങ്ങി കഷ്ടപ്പെട്ട് തന്നെയാണ് സിനിമ നിര്‍മ്മിക്കാറുള്ളത് എന്ന ലിസ്റ്റിന്റെ മറുപടി കൈയ്യടി നേടുന്നത് തന്നെയാണ്. മലയാള സിനിമയിലെ 99 ശതമാനം നിര്‍മ്മാതാക്കളും പലിശയ്ക്ക് പണം എടുത്ത് തന്നെയാണ് സിനിമ നിര്‍മ്മിക്കാറുള്ളത്. ഹിറ്റുകളോ നിലവില്‍ സിനിമകളോ ഇല്ലാതെയിരിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് വേണമെങ്കില്‍ വിമര്‍ശിക്കാം. അതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
Read more








