വയനാടിനായി നമുക്കൊന്നിച്ച് പോരാടാം; ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ കൈമാറി മോഹന്‍ലാല്‍

വയനാടിന് സഹായഹസ്തവുമായി മോഹന്‍ലാല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറി. താരം നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. ദുരന്തഭൂമിയായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരെയും പൊലീസുകാരെയും സന്നദ്ധ പ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ട് താരം പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.

രക്ഷാപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. ഈ ദുഷ്‌കരമായ സമയത്ത് നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കാനും നമ്മുടെ ഐക്യത്തിന്റെ ശക്തി കാണിക്കാനും താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനിക സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു.

Read more

മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവര്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും താന്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. അതേസമയം, 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.