'ഇടത് കൈയ്ക്ക് സ്വാധീന കുറവ്, നടക്കാൻ ബുദ്ധിമുട്ട്'; ഉല്ലാസ് പന്തളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി ആരാധകർ

നടനും കോമഡി താരവുമാണ് ഉല്ലാസ് പന്തളം. ടെലിവിഷൻ കോമഡി പരിപാടികളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ ഉല്ലാസ് പന്തളത്തിന്റെ പുതിയ വീഡിയോ കണ്ട ഞെട്ടലിലാണ് മലയാളി പ്രേക്ഷകർ. എന്താണ് താരത്തിന് സംഭവിച്ചതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിന് താരം എത്തിയതിൻറെ വിഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിന് സംഭവിച്ച ആരോഗ്യപ്രശ്‌നങ്ങൾ ചർച്ചയായത്. അവതാരക ലക്ഷ്മി നക്ഷത്ര ഉല്ലാസിനെ ഉദ്ഘാടന വേദിയിലേക്ക് എത്തിച്ചു. ആ പരിപാടിയുടെ വിഡിയോയിലാണ് അദ്ദേഹത്തിൻറെ ശാരീരിക ബുദ്ധിമുട്ടുകൾ വ്യക്തമായത്.

കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്‌റ്റിക്ക് ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടിയാണ് ഉല്ലാസ് പന്തളം നടന്നിരുന്നത്. തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ഉല്ലാസ് പന്തളം പറയുന്നുണ്ട്. തൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ എന്നും ഉല്ലാസ് പന്തളം പറഞ്ഞു.

ചടങ്ങ് കഴിഞ്ഞ് കാറിൽ കയറാൻ തുടങ്ങുമ്പോൾ ഉല്ലാസ് വികാരഭരിതനാകുന്നതും ‘ചിരിച്ചുകൊണ്ട് പോകൂ’ എന്ന് ലക്ഷ്‌മി കണ്ണീരോടെ പറയുന്നതും വിഡിയോയിൽ കാണാം. അതേസമയം പൂർണ്ണ ആരോഗ്യവാനായി തിരികെ വന്നിട്ട് തങ്ങൾക്ക് പതിവ് ഡാൻസ് കളിക്കണമെന്ന ആഗ്രഹമാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര പങ്കുവെച്ചത്.

Read more