അനുകരണം നിലനില്‍ക്കില്ല, അവയെ വിശ്വസിക്കാനും കഴിയില്ല; രാണു മൊണ്ടാലിനെ കുറിച്ച് ലതാ മങ്കേഷ്‌കര്‍

ലതാ മങ്കേഷ്‌കറുടെ പാട്ട് പാടിയ രാണു മോണ്ടാല്‍ എന്ന സ്ത്രീ സോഷ്യല്‍ മീഡിയയെ വിസ്മയിപ്പിച്ചിരുന്നു. “രണാഘട്ടിന്റെ ലതാ മങ്കേഷ്‌കര്‍” എന്നാണ് സൈബര്‍ ലോകം രാണുവിനെ വാഴ്ത്തിയത്. പാട്ട് വൈറലായതോടെ അവര്‍ക്ക് സിനിമയില്‍ നിന്ന് അവസരം വരികയും ചെയ്തു. ഇപ്പോഴിതാ രാണുവിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍. അനുകരണങ്ങള്‍ നിലനില്‍ക്കില്ലെന്നും സ്വന്തമായി ഒരു ശൈലിയാണ് ഉണ്ടാക്കിയെടുക്കേണ്ടതെന്നുമാണ് ലതാ മങ്കേഷ്‌കറിന് പറയാനുള്ളത്.

“ആര്‍ക്കെങ്കിലും എന്റെ പേരു കൊണ്ടോ ജോലി കൊണ്ടോ പ്രയോജനം ഉണ്ടാവുകയാണെങ്കില്‍ അതെന്റെ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്” എന്നായിരുന്നു ലതാ മങ്കേഷ്‌കറിന്റെ പ്രതികരണം.”അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്ലെ) എന്നിവരുടെ പാട്ടുകള്‍ ആലപിക്കുന്നതിലൂടെ ഗായകര്‍ക്ക് കുറച്ച് കാലത്തേക്ക് ശ്രദ്ധ നേടാനാകും, എന്നാല്‍ അത് ദീര്‍ഘനാള്‍ നിലനില്‍ക്കില്ല.

ടെലിവിഷനിലെ മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രതിഭകളെ കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നു. കുട്ടികള്‍ എന്റെ ഗാനങ്ങള്‍ വളരെ മനോഹരമായി പാടുന്നു. എന്നാല്‍ ആദ്യത്തെ വിജയത്തിന് ശേഷം അവരില്‍ എത്രപേര്‍ ഓര്‍മ്മിക്കപ്പെടുന്നു? എനിക്ക് സുനിതി ചൗഹാനെയും ശ്രേയ ഘോഷാലിനെയും മാത്രമേ അറിയൂ. “-ലതാ മങ്കേഷ്‌കര്‍ പറഞ്ഞു.