അവന്‍ തിരിച്ചെത്തി…ഇവന്‍ കുട്ടിസേതു; അന്തരിച്ച നടന്‍ സേതുരാമന് ആണ്‍കുഞ്ഞ് ജനിച്ചു

Advertisement

അന്തരിച്ച തമിഴ് നടന്‍ ഡോ. സേതുരാമന് ആണ്‍കുഞ്ഞ് ജനിച്ചു. സേതുരാമന്റെ സഹപ്രവര്‍ത്തകനായ ഡോക്ടറാണ് ഈ സന്തോഷം പങ്കുവച്ചത്. ”അവന്‍ തിരിച്ചെത്തി…പ്രായം മാറിയെന്നേയുള്ളു…കുട്ടിസേതു എന്ന് ഞങ്ങള്‍ വിളിക്കും…ആശംസകള്‍” എന്നാണ് സഹപ്രവര്‍ത്തകന്‍ കുറിച്ചത്.

മാര്‍ച്ച് 26നാണ് സേതുരാമന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ‘സക്ക പോഡു രാജ’, ‘കണ്ണ ലഡ്ഡു തിന്ന ആസയ’, ‘വാലിബ രാജ 50/50’ എന്നീ ചിത്രങ്ങളില്‍ സേതുരാമന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 36ാം വയസിലായിരുന്നു താരത്തിന്റെ അന്ത്യം. ഉമയാള്‍ ആണ് ഭാര്യ. 2016ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

ത്വക്ക് രോഗ വിദഗ്ധന്‍ ആയിരുന്നു സേതുരാമന്‍ ചെന്നൈയില്‍ സി ക്ലിനിക്ക് എന്ന സ്‌കിന്‍ കെയര്‍ സ്ഥാപനം നടത്തിയിരുന്നു. മരണത്തിന് മുമ്പ് കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പാലിക്കേണ്ട ജാഗ്രതയെ കുറിച്ച് സേതുരാമന്‍ വീഡിയോ പങ്കുവച്ചിരുന്നു.

അദ്ദേഹത്തിന്റെ മരണശേഷം വേദനയോടെയാണ് സൈബര്‍ലോകം ഈ വീഡിയോ കണ്ടത്. പിന്നാലെ സേതുരാമന്‍ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന വ്യാജ വാര്‍ത്തകളും എത്തിയിരുന്നു. ഈ വാര്‍ത്തകളെ തള്ളി സഹപ്രവര്‍ത്തകരും സംവിധായകനും രംഗത്തെത്തിയിരുന്നു.