'ബജറ്റ് മൂന്ന് കോടിയില്‍ നിന്ന് 7 കോടിയില്‍ എത്തി. ആര്‍ എസ് വിമലിന് ചെറിയ പിടിവാശി ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്'

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയെക്കുറിച്ച് പരന്ന പല അഭ്യൂഹങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറുപടി നല്‍കുകയാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്ന അഡ്വ. ലാലു ജോസഫ്. ദൗ ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ സുബാഷ് അഞ്ചല്‍ നടത്തിയ അഭിമുഖത്തിലാണ് ലാലു ജോസഫ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘

‘എന്ന് നിന്റെ മൊയ്തീന് രണ്ട് നിര്‍മാതാക്കളുണ്ട്. സുരേഷും അദ്ദേഹത്തിന്റെ സുഹൃത്തും. സുരേഷ് ഒരു സിനിമാ നിര്‍മാതാവ് ഒന്നുമായിരുന്നില്ല. ആര്‍ എസ് വിമലും സുരേഷും ഇതുവരെ സിനിമ ചെയ്തിട്ടില്ല. രമേഷ് നാരായണന്‍, അങ്കമാലിയിലുള്ള ഇവന്റുകള്‍ ചെയ്തിട്ടുള്ള മനോജ് എന്ന് പേരുള്ള ആളെ കാര്യങ്ങള്‍ ഏല്‍പ്പിച്ചു. ഇതിനായി സെറ്റ് ഇട്ടു. 50 ലക്ഷം രൂപ മുടക്കി കഴിഞ്ഞതിന് ശേഷവും സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം നടന്നില്ല. പക്ഷേ അത് ആരുടേയും കുറ്റമായിരുന്നില്ല.

വിഷയം സുരേഷ് എന്നെ അറിയിച്ചു. മൂന്ന് കോടി ആയിരുന്നു സുരേഷിന്റെ ബജറ്റ്. സുരേഷ് നാട്ടിലെത്തി. ഞങ്ങള്‍ തമ്മില്‍ കണ്ടു. സുരേഷിന് ആവശ്യം ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ആയിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന രാജു നെല്ലിമൂടനെ ഞാന്‍ സമീപിക്കുകയും ഒടുവില്‍ അദ്ദേഹം സമ്മതം മൂളുകയും ചെയ്തു.

വിവരം പൃഥ്വിരാജിനെ അറിയിച്ചു. അങ്ങനെയാണ് സിനിമ യാഥാര്‍ഥ്യമായത്. സാമ്പത്തികം കൈകാര്യം ചെയ്യാന്‍ ബിജു പ്രവീണിനെ ഏല്‍പ്പിച്ചു. പ്രവീണ്‍ ആയിരുന്നു ലൈന്‍ പ്രൊഡ്യൂസറെ വെച്ചുത്. 40 ദിവസം കൊണ്ട് തീരേണ്ട ഷൂട്ട് നൂറിലധികം ദിവസം എടുത്തു. ബജറ്റ് മൂന്ന് കോടിയില്‍ നിന്ന് 7 കോടിയില്‍ എത്തി. ആര്‍ എസ് വിമലിന് ചെറിയ പിടിവാശി ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. നിരവധി പ്രശ്‌നങ്ങള്‍ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായി. വിമല്‍ ഇതുവരെ മറ്റൊരു സിനിമ ചെയ്തിട്ടില്ല. ലൂസിഫറിന് മുന്‍പ് രാജു സംവിധാനം ചെയ്ത അല്ലെങ്കില്‍ രാജുവിന്റെ ബാല്യ കളരിയായിരുന്നു മൊയ്തീന്‍ എന്ന് പലരും പറയുന്നുണ്ട്’, ലാലു ജോസഫ് പറയുന്നു.