പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന 'ലാല്‍ ജോസ്' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

വെബ്‌സീരിസുകളിലൂടെ ശ്രദ്ധേയനായ ശാരിഖിനെ നായകനാക്കി നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന “ലാല്‍ ജോസ്” ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ പേരില്‍ ഒരുങ്ങുന്ന സിനിമ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ഈ ചിത്രത്തിന്റെ പ്രമേയം. സമീപകാല സംഭവങ്ങളെയും ജീവിത മൂല്യങ്ങളെയും സിനിമ ഒപ്പിയെടുക്കുകയാണെന്നും സംവിധായകന്‍ കബീര്‍ പുഴമ്പ്രം പറഞ്ഞു. സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ലാല്‍ജോസ്.

പേര് സൂചിപ്പിക്കുന്നതു പോലെ ചിത്രത്തിന് വളരെ വ്യത്യസ്തമായ ഒരു സസ്‌പെന്‍സ് ഉണ്ടെന്നും സംവിധായകന്‍ പറയുന്നത്. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാല്‍ജോസ്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.

പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് നായിക. ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു തുടങ്ങിയവരും നിഹാര ബിനേഷ് മണി, ആദര്‍ശ് എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണവും ഒരുക്കുന്നത്. ധനേഷ് ഛായാഗ്രഹണവും ബിനേഷ് മണി സംഗീതവും നിര്‍വ്വഹിക്കുന്നു. ജോ പോള്‍ ആണ് ഗാനരചന. പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.