ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന 'ഫാന്‍സി ഡ്രസ്'; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്ത് കുഞ്ചാക്കോ ബോബന്‍

ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന “ഫാന്‍സി ഡ്രസ്സ്” എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ നടന്‍ കുഞ്ചാക്കോ ബോബനാണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. പക്രുവും കലാഭവന്‍ ഷാജോണും ശ്വേത മേനോനുമാണ് പോസ്റ്ററില്‍. പുതുമുഖ സംവിധായകന്‍ രഞ്ജിത്ത് സ്‌കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു മുഴുനീള കോമഡി ത്രില്ലറാണ് ചിത്രമെന്നാണ് വിവരം. പക്രുവും സൈജു കുറുപ്പും ബിജുക്കുട്ടനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മുമ്പോട്ടു പോകുന്നത്. രഞ്ജിത്ത് സ്‌കറിയയും അജയ് കുമാറും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

പ്രദീപ് നായര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വി സാജനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിനു സംഗീതം പകര്‍ന്നിരിക്കുന്നത് രതീഷ് വേഗയാണ്. സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം.