ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം; ഗ്രേസില്‍ നിന്ന് കുമ്പളങ്ങിയിലെ സിമിയിലേക്ക്; ഓഡിഷന്‍ ടു ഓകെ ഷോട്ട് വീഡിയോ

കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ വേഷത്തിലെത്തി പ്രേക്ഷകരുടെ കൈയടി വാങ്ങിയ നടിയാണ് ഗ്രേസ് ആന്റണി. ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണമെന്ന കുമ്പളങ്ങിക്കാരി സിമിയുടെ ഡയലോഗ് സിനിമ കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവില്ല. ഗ്രേസ് ആന്റണിയുടെ ഓഡീഷന്‍ മുതല്‍, പെര്‍ഫോമെന്‍സ് കഴിഞ്ഞ് ഗ്രൂമിങ്ങിലേക്ക് കടന്ന് കുമ്പളങ്ങിയിലെ സിമി മോളാവുന്നത് വരെയുള്ള വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് തന്നെ 28 കോടി രൂപയോളം കുമ്പളങ്ങി നൈറ്റ്‌സ് കളക്റ്റ് ചെയ്തിരുന്നു. നാലാഴ്ച കൊണ്ട് 14 കോടി രൂപയാണ് കേരളത്തില്‍ നിന്നു മാത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രമായി ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയെന്ന സവിശേഷതയും “കുമ്പളങ്ങി നൈറ്റ്‌സ്” സ്വന്തമാക്കുകയാണ്.

ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവയുടെ ബാനറില്‍ നസ്രിയയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കറിന്റെയും സിനിമാ നിര്‍മ്മാണ കമ്പനിയായ “വര്‍ക്കിങ്ങ് ക്ലാസ് ഹീറോ”യുടെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് “കുമ്പളങ്ങി നൈറ്റ്സ്”.