സഹിക്കാന്‍ കഴിയില്ല, ദൃശ്യം 2 മലയാളം വളരെ മോശം സിനിമ, തെറ്റായ മെസ്സേജെന്ന് കെ.ആര്‍.കെ; തെറിവിളിയുമായി മലയാളികള്‍

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 മോശം സിനിമയെന്ന് നടനും നിരൂപകനുമായ കെആര്‍കെ. സോണി ടിവിയിലെ സിഐഡി എന്ന സീരിയല്‍ ഈ സിനിമയേക്കാള്‍ നൂറു മടങ്ങ് ഭേദമാണെന്നും കെആര്‍കെ ട്വീറ്റ് ചെയ്തു. ദൃശ്യം 2വിന്റെ ഹിന്ദി പതിപ്പ് നവംബര്‍ 18ന് റിലീസിന് തയാറെടുക്കുകയാണ്. സിനിമ റിവ്യു ചെയ്യുന്നതിനായി ദൃശ്യം 2 മലയാളം പ്രൈമില്‍ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു കെആര്‍കെ.

”ദൃശ്യം 2 ഹിന്ദിയും മലയാള സിനിമയുടെ ഫ്രെയിം ടു ഫ്രെയിം കോപ്പിയാകാന്‍ തന്നെയാണ് സാധ്യത . എത്ര ഇഴഞ്ഞാണ് ഈ സിനിമ പോകുന്നത്. വളരെ മോശം. പുതിയ ഇന്‍സ്‌പെക്ടര്‍ എത്തുന്നതുവരെയുള്ള രംഗങ്ങള്‍ സഹിക്കാന്‍ പോലും കഴിയില്ല. പതുക്കെ തുടങ്ങി അരമണിക്കൂറിനുള്ളില്‍ എന്തൊക്കെയോ സംഭവിക്കുന്നു.

ആദ്യ ഒന്നര മണിക്കൂറില്‍ ഈ ചിത്രത്തില്‍ ഒന്നും തന്നെയില്ല അവസാന 30 മിനിറ്റ് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. ഹീറോയുടെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് ഒരു കാരണമാകാം. എന്നാല്‍ എല്ലാ പൊലീസ് ഓഫിസര്‍മാരും ഇങ്ങനെ ചെയ്യില്ല.

അതുകൊണ്ടുതന്നെ പൊതുസമൂഹത്തിനു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള ഇത്തരം രംഗങ്ങള്‍ ഫിലിം മേക്കേഴ്‌സ് ഒഴിവാക്കണം.”- കെആര്‍കെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. എന്തായാലും കെ ആര്‍ കെയുടെ ഈ അഭിപ്രായത്തിനെതിരെ മലയാളി പ്രേക്ഷകര്‍ രംഗത്ത് വന്നിട്ടുണ്ട്.