മതത്തെ ആഗോളതലത്തില്‍ എത്തിക്കാനുള്ള സുവര്‍ണാവസരം, ആദിപുരുഷ് ഗംഭീര ചിത്രമെന്ന് കൃതി സനോണ്‍

ഓം റൗട്ട് ചിത്രം ‘ആദിപുരുഷ്’ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന ഗംഭീര ചിത്രമായിരിക്കുമെന്ന് നായികയായി വേഷമിടുന്ന കൃതി സനോണ്‍. വളരെ പ്രധാന്യമുള്ള സിനിമ ശരിയായ രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും അതിന് സമയം ആവശ്യമാണെന്നും നടി പ്രതികരിച്ചു.

ആദിപുരുഷില്‍ സീതയായി എത്തുന്നത് കൃതിയാണ്.’ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചിത്രത്തിന് ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നു. അതിന് സമയം ആവശ്യമാണ്, ഞങ്ങള്‍ എല്ലാവരും മികച്ച സിനിമ അനുഭവം നല്‍കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ അവസരമാണ് ഇത്.

നമ്മുടെ ചരിത്രം അറിയാനും മതത്തെ ആഗോളതലത്തില്‍ എത്തിക്കാനുമുള്ള അവസരമാണ് ഈ സിനിമ. നമ്മുക്ക് അഭിമാനിക്കാവുന്ന ഒരു കഥയാണിത്. അതിനാല്‍ ഇത് ഏറ്റവും മികച്ച രീതിയില്‍ ചെയ്യേണ്ടതുണ്ട്’ കൃതി കൂട്ടിച്ചേര്‍ത്തു.

സമ്പൂര്‍ണ ദൃശ്യാനുഭവം നല്‍കുന്നതിനായി സിനിമയുടെ റിലീസ് മാറ്റുകയാണെന്നും ഓം റൗത്ത് അറിയിച്ചിരുന്നു. ‘ആദിപുരുഷ് ഒരു സിനിമയല്ല. മറിച്ച് പ്രഭു ശ്രീരാമനോടുള്ള നമ്മുടെ ഭക്തിയും സംസ്‌കാരത്തോടും ചരിത്രത്തോടുമുള്ള പ്രതിബദ്ധതയുമാണ്. കാഴ്ചക്കാര്‍ക്ക് ഒരു സമ്പൂര്‍ണ്ണ ദൃശ്യാനുഭവം നല്‍കുന്നതിന്, കൂടുതല്‍ സമയം നല്‍കേണ്ടതുണ്ട്.

ആദിപുരുഷ് 2023 ജൂണ്‍ 16ന് റിലീസ് ചെയ്യും. നിങ്ങളുടെ പിന്തുണയിലും സ്നേഹത്തിലും അനുഗ്രഹത്തിലും ഇന്ത്യ അഭിമാനിക്കുന്ന ഒരു സിനിമ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ എന്നായിരുന്നു അന്ന് ഓം റൗട്ടിന്റെ പ്രതികരണം.