66 സിനിമകളും ഫ്‌ളോപ്പ്, ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് കോളിവുഡ് ചിത്രങ്ങള്‍; തമിഴകം കീഴടക്കി മലയാള സിനിമകള്‍!

കഴിഞ്ഞ വര്‍ഷം മോളിവുഡില്‍ കൂടുതലും പരാജയ സിനിമകള്‍ ആയിരുന്നുവെങ്കില്‍, ഈ വര്‍ഷം മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമാണ്. ഫെബ്രുവരി മുതല്‍ ഇങ്ങോട്ട് ഇതുവരെ തിയേറ്ററില്‍ എത്തിയ മിക്ക മലയാള സിനിമകളും തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റ് ആയി പ്രദര്‍ശനം തുടരകയാണ്. ‘പ്രേമലു’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’ എന്നീ ചിത്രങ്ങള്‍ തമിഴകത്തും തെലുങ്കിലുമൊക്കെ കുതിപ്പ് തുടരുകയാണ്.

100 കോടിയും കടന്ന് മലയാള സിനിമകള്‍ തമിഴകത്ത് ഗംഭീര വിജയം നേടുമ്പോള്‍ കോളിവുഡ് സിനിമകള്‍ ഒന്നിനു പിന്നാലെ ഒന്നായി തിയേറ്ററില്‍ ഫ്‌ളോപ്പ് ആവുകയാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെ 68 തമിഴ് സിനിമകളാണ് തിയേറ്ററില്‍ എത്തിയത്. എന്നാല്‍ ഇതില്‍ 100 കോടി നേട്ടത്തിലേക്ക് എത്താന്‍ കഴിഞ്ഞത് ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിന് മാത്രമാണ്.

പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാനായി മകള്‍ ഐശ്വര്യയുടെ സംവിധാനത്തില്‍ രജനികാന്തിനെ കാമിയോ റോളില്‍ അവതരിപ്പിച്ച ‘ലാല്‍ സലാം’ എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഈ സിനിമ രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നായി മാറിയിരുന്നു. 90 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ആകെ നേടാനായത് 36.1 കോടി രൂപ മാത്രമാണ്.

Captain Miller Preview: Reasons to watch Dhanush's period action drama Tamil Movie, Music Reviews and News

ക്യാപ്റ്റന്‍ മില്ലര്‍ ആണ് ഈ വര്‍ഷം തമിഴില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. 104.79 കോടി രൂപയാണ് ക്യാപ്റ്റന്‍ മില്ലര്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. നൂറ് കോടി ക്ലബ്ബില്‍ എത്തിയില്ലെങ്കിലും തമിഴില്‍ ഗംഭീര വിജയം നേടി ശിവകാര്‍ത്തികേയന്റെ ‘അയലാന്‍’ എന്ന ചിത്രമാണ് കളക്ഷന്‍ കണക്കുകളില്‍ രണ്ടാം സ്ഥാനത്ത്.

98 കോടി രൂപയാണ് ചിത്രം തിയേറ്ററില്‍ നിന്നും നേടിയത്. ക്യാപ്റ്റന്‍ മില്ലറും അയലാനും അല്ലാതെ മറ്റൊരു ചിത്രവും 50 കോടി ക്ലബ്ബില്‍ പോലും എത്തിയിട്ടില്ല. ഇതുവരെ റിലീസ് ചെയ്ത 68 സിനിമകളില്‍ 66 ചിത്രങ്ങളും ഫ്‌ളോപ്പുകളായി മാറി. അതേസമയം, മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ് ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം 62.25 കോടി രൂപയാണ് കളക്ട് ചെയ്തത്. 10 കോടി രൂപയാണ് പ്രേമലും തമിഴകത്ത് നിന്നും നേടിയത്.

ഈ മലയാള ചിത്രങ്ങളാണ് തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകളെ തകര്‍ച്ചയിലേക്ക് പോകാതെ പിടിച്ചുനിര്‍ത്തിയതും. മാര്‍ച്ച് 28ന് റിലീസ് ചെയ്ത ആടുജീവിതം ദിവസങ്ങള്‍ക്കുള്ളില്‍ 6 കോടിക്ക് മുകളില്‍ തമിഴ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിക്കഴിഞ്ഞു. ഇനി വരാനിരിക്കുന്ന തമിഴ് സിനിമകള്‍ക്കായാണ് ബോക്‌സ് ഓഫീസ് കാത്തിരിക്കുന്നത്. കമല്‍ ഹാസന്‍ ചിത്രം ‘ഇന്ത്യ 2’ ആണ് ഏറെ പ്രതീക്ഷ തരുന്ന സിനിമ.

ജൂണിലാണ് ചിത്രത്തിന്റെ റിലീസ്. കൂടാതെ സൂര്യ ചിത്രം ‘കങ്കുവ’, വിക്രമിന്റെ ‘തങ്കലാന്‍’, ‘ധ്രുവനച്ചത്തിരം’, വിജയ്‌യുടെ ‘ദ ഗോട്ട്’, അജിത്ത് ചിത്രം ‘വിടാമുയര്‍ച്ചി’, രജനിയുടെ ‘വേട്ടയാന്‍’ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ അത്ഭുതം സൃഷ്ടിക്കുമെന്നാണ് പ്രതീ്കഷകള്‍. സൂര്യ, വിജയ്, കമല്‍ ചിത്രങ്ങള്‍ക്കായാണ് പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്.