എന്തുകൊണ്ട് പൃഥ്വിരാജ്? മമ്മൂട്ടിയെ മറികടന്നത് എങ്ങനെ; ജൂറിയുടെ നിരീക്ഷണങ്ങള്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പ് വരെ ‘മമ്മൂട്ടി: സ്റ്റേറ്റ് അവാര്‍ഡ് vs നാഷണല്‍ അവാര്‍ഡ്’ എന്ന രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍ മുന്നോട്ട് പോയത്. കാരണം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലും ദേശീയ അവാര്‍ഡ് പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലും മമ്മൂട്ടിയുടെ പേര് ഉണ്ടായിരുന്നു.

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പൃഥ്വിരാജിന് ലഭിച്ചതോടെ, ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിനായാണ് മമ്മൂട്ടി ആരാധകര്‍ അടക്കം കാത്തിരുന്നത്. എന്നാല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ‘കാന്താര’യിലെ പ്രകടനത്തിലൂടെ ഋഷഭ് ഷെട്ടി സ്വന്തമാക്കുകയും ചെയ്തു. ‘കാതല്‍’ സിനിമയിലെ മാത്യു ദേവസിയെ മറികടന്ന് എങ്ങനെ പൃഥ്വിരാജ് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി എന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. സംസ്ഥാന ജൂറിയുടെ നിരീക്ഷണങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കാതലിലൂടെ കടുത്ത മത്സരമാണ് പൃഥ്വിരാജിനതെിരെ മമ്മൂട്ടി ഉയര്‍ത്തിയത്. ആടുജീവിതം സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ ഈ സിനിമ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്നു. മാത്രമല്ല പൃഥ്വിരാജിന്റെ സമര്‍പ്പണവും മേക്കോവറും അവാര്‍ഡുകള്‍ വാരിക്കൂട്ടുമെന്ന പ്രതീക്ഷ പ്രേക്ഷകരില്‍ ഉയര്‍ത്തിയിരുന്നു. ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ഫോട്ടോ പുറത്തെത്തിയപ്പോഴെ സിനിമ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. തിയേറ്ററില്‍ എത്തിയപ്പോള്‍ കളക്ഷനിലും ആടുജീവിതം കുതിച്ചു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി ബ്ലെസിയുടെ സംവിധാനത്തില്‍ എത്തിയ ആടുജീവിതം.

സ്വാഭാവികമായ പ്രകടനമായിരുന്നു പൃഥ്വിരാജ് സിനിമയില്‍ നടത്തിയത്. ജൂറിയും ആ അഭിപ്രായം അംഗീകരിച്ചിരിക്കുകയാണ്. ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ അകപ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസഹായതയെയും അതിന് ശേഷമുള്ള ശരീരഭാഷയെയും തന്‍മയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിനാണ് അവാര്‍ഡ് എന്നാണ് ജൂറി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡായി പൃഥ്വിരാജിന് ലഭിക്കുക.

അതേസമയം, മികച്ച സംവിധായകന്‍, മികച്ച നടന്‍, പ്രത്വേക ജൂറി പരാമര്‍ശം, ജനപ്രീതി നേടിയ ചിത്രം, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കളറിസ്റ്റ്, ശബ്ദമിശ്രണം, ഛായാഗ്രഹണം തുടങ്ങി എട്ട് അവാര്‍ഡുകളാണ് ആടുജീവിതം നേടിയിരിക്കുന്നത്. മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ ആണ് യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിന്‍ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എഴുതിയത്. 16 വര്‍ഷത്തോളം നീണ്ട യാത്രയ്‌ക്കൊടുവിലാണ് ബ്ലെസി ആടുജീവിതം പൂര്‍ത്തിയാക്കിയത്. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. നജീബ് ആയി ജീവിച്ച പൃഥിരാജിന് കിട്ടിയ മികച്ച നടനുള്ള അവാര്‍ഡ് കാവ്യനീതിയാണ്. ഈ കഥയെ ദശാബ്ദങ്ങള്‍ മനസിലിട്ട് ഉരുവപ്പെടുത്തി സിനിമയാക്കി ഇറക്കിയ സംവിധായകന്‍ ബ്ലെസിക്കും അവാര്‍ഡ് നേടിയ ആടുജീവിതത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

Read more