സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടനുള്ള പോരാട്ടം മുറുകുന്നു

അമ്പത്തൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തിന് രണ്ടു ദിവസങ്ങള്‍ മാത്രമാണുള്ളത്. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ അവസാന റൗണ്ടില്‍ 119 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാന്‍ ഒരുപാട് താരങ്ങള്‍ക്ക് ഇത്തവണ സാദ്ധ്യതയുണ്ടെന്നാണ് സൂചനകള്‍.

ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോനിലെ നിവിന്‍ പോളിയുടെ പ്രകടനത്തിന് ഏറെ സാദ്ധ്യത കല്‍പ്പിക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഒരുപാട് ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നിവിനെ തേടിയെത്തിയിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ രണ്ട് ചിത്രങ്ങളാണ് മികച്ച നടനുള്ള വിഭാഗത്തില്‍ പരിഗണിച്ചിരിക്കുന്നത്.

മരക്കാറിന്റെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായതിനാലാണ് ഈ വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പരിഗണിച്ചത്. സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാര്‍ഡ് തേടിയെത്താന്‍ സാദ്ധ്യതയുണ്ട്.

മമ്മൂട്ടിയുടെ ഉണ്ടയും, മാമാങ്കവും അവസാന റൗണ്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. ആസിഫ് അലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ, വൈറസ് എന്നീ ചിത്രങ്ങളും പരിഗണയിലുണ്ട്. ഒക്ടോബര്‍ 14-ന് ആണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടക്കുക.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.