ടിക് ടോക് അക്കൗണ്ടുമായി കേരള പൊലീസ്; അഭിവാദ്യവുമായി സൈജു കുറുപ്പ്

സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ടിക് ടോക്കില്‍ അക്കൗണ്ട് തുറന്ന് കേരള പൊലീസ്. വേരിഫൈഡായ കേരള പൊലീസിന്റെ അക്കൗണ്ട് വഴി ഇതിനോടകം മൂന്ന് വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ആദ്യ വീഡിയോ ഞങ്ങ ഇനി ടിക് ടോക്കിലും എന്നു പറഞ്ഞാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാമത്തേത് റോഡ് സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നതാണ. മൂന്നാമത്തേത് കേരള പൊലീസിന് ആശംസ നേര്‍ന്നുള്ള നടന്‍ സൈജു കുറുപ്പിന്റെ വീഡിയോയാണ്.

“”കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് നിങ്ങളെപ്പോലെ ഞാനും പിന്തുടരുന്നുണ്ട്. പല അറിവുകളും ട്രോളുകളുടെ രൂപത്തില്‍ നമുക്ക് ലഭിക്കാറുണ്ട്. മലയാളികള്‍ ടിക് ടോക് ഉപയോഗത്തിലും മുന്നിലാണ്. ആ പാത പിന്തുടര്‍ന്ന് കേരള പൊലീസ് എത്തിയിരിക്കുന്നു. ഇത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും. കേരള പൊലീസിന് എന്റെ അഭിവാദ്യങ്ങള്‍.”” സൈജു വീഡിയോയില്‍ പറഞ്ഞു.

Read more

വീഡിയോയകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടകം ഒന്നര ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സും അക്കൗണ്ടിന് ആയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പേജിന് കിട്ടിയ മികച്ച പിന്തുണ ഇതിനും ഉണ്ടാകുമോ എന്നാണ് ഇനി കാണേണ്ടത്.