ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് സര്‍ക്കാര്‍; സാധാരണക്കാരന്‍ ആണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്ന് ഹൈക്കോടതി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദം. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് നടന്റെ കൈവശം ഉണ്ടായിരുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഒരു സാധാരണക്കാരന്‍ ആണെങ്കില്‍ സര്‍ക്കാര്‍ ഇത്തരത്തിലൊന്നിന് ഇളവ് നല്‍കുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

മാത്രമല്ല കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്, സാധാരണക്കാരന്‍ ആണെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ അഭിഭാഷകന്റെ വാദം.

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈകോടതിയെ സമീപിച്ചത്. 2012 ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.