'വാരിസ്' സിനിമയുടെ നഷ്ടപരിഹാരം തരണം; വിജയ്ക്ക് കത്തയച്ച് കേരളാ ഡിസ്ട്രിബ്യൂട്ടര്‍

വിജയ്‌യുടെ ‘വാരിസ്’ സിനിമയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ച അഗസ്ത്യ എന്റര്‍ടെയ്ന്‍മെന്റ് ഡിസ്ട്രിബ്യൂട്ടര്‍ റോയ്. കേരളാ ബോക്‌സോഫീസില്‍ വലിയ വിജയം നേടാന്‍ സാധിക്കാത്ത ചിത്രത്തിന്റെ നഷ്ടം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസ്ട്രിബ്യൂട്ടര്‍ വിജയ്ക്ക് കത്തയച്ചു.

ജൂലൈ 13ന് വിജയ്ക്ക് റോയ് കത്ത് അയച്ചതായി ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു. ”പ്രതീക്ഷിച്ച കളക്ഷനില്‍ നിന്ന് 6.83 കോടി മാത്രമാണ് വാരിസ് നേടിയത്. നിര്‍മ്മാതാവായ ദില്‍രാജുവില്‍ നിന്ന് എനിക്ക് കമ്മീഷനായി ലഭിക്കാനുള്ള തുക 3.6 കോടിയാണ്.”

”അതില്‍ 16 ലക്ഷം മാത്രമാണ് ലഭിച്ചത്. 3.44 കോടി രൂപ കുടിശ്ശികയുണ്ട്. ഈ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി അലഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല. അതിനാല്‍ താങ്കള്‍ ഇതില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു” എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

വിജയ്ക്ക് കത്ത് അയച്ചതിനെ കുറിച്ച് ഡിസ്ട്രിബ്യൂട്ടര്‍ ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ”കഴിഞ്ഞ ഏഴ് മാസമായി ഞാന്‍ റീഫണ്ടിനായി വാരിസിന്റെ നിര്‍മ്മാതാവിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. ഒരു പ്രയോജനവുമില്ലാത്തതിനാല്‍ മറ്റ് വഴിയൊന്നും ഇല്ലാതെ ഞാന്‍ വിജയ്ക്ക് കത്തെഴുതി.”

”നായകന്മാര്‍ പറഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ കേള്‍ക്കും. അദ്ദേഹത്തിനും നഷ്ടം സംഭവിച്ചിട്ടുള്ളതുകൊണ്ട് ചിത്രത്തിലെ നടന്മാര്‍ വാങ്ങിയ പണം തിരികെ നല്‍കുക. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് രജനികാന്ത്. അദ്ദേഹം ഇടപെട്ട് ബാബയ്ക്കും കുസേലനും ‘ലിംഗ’ സിനിമയുടെ പ്രതിഫലത്തിന്റെ ഒരു ഭാഗം തിരികെ നല്‍കി നഷ്ടം പരിഹരിച്ചിരുന്നു” എന്നാണ് റോയ് പറഞ്ഞത്.