‘ആവേശം’ തിയേറ്ററില്‍ ആവേശം തീര്‍ക്കുമ്പോള്‍ രംഗണ്ണന്റെ കരിങ്കാളിയല്ലേ റീല്‍സ് ചെയ്യുന്ന രംഗത്തിന് പ്രത്യേകം ഫാന്‍ ബേസ് ഉണ്ട്. രംഗയുടെ കരിങ്കാളി റീല്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ദ ടാലന്റ് ടീസര്‍ എന്ന പേരില്‍ പുറത്തുവിട്ട വീഡിയോയില്‍ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലെ ഒരു ഗാനം മൂളുന്ന രംഗവുമുണ്ട്.
രംഗയുടെ കഥാപാത്ര വൈരുധ്യം മനസിലാക്കുന്നതിന് വേണ്ടിയാണ് ആ രംഗം ചേര്‍ത്തത് എന്നാണ് സംവിധായകന്‍ ജിത്തു മാധവന്‍ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത്. ഫഹദിന്റെ വളരെ വേറിട്ടൊരു കഥാപാത്രം തന്നെയാണ് ആവേശത്തിലെ രംഗണ്ണന്‍. നിലവില്‍ 66.25 കോടി രൂപ നേടി ആവേശം ആഗോള ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്.
ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ആദ്യ ദിവസം കേരളത്തില്‍ നിന്നും 3.5 കോടിയാണ് ചിത്രം നേടിയത്. ആഗോള കളക്ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. പിന്നീട് വന്ന ദിവസങ്ങളിലെല്ലാം ആഗോള കളക്ഷന്‍ പത്ത് കോടിയായി സിനിമ നില നിര്‍ത്തി. നിലവില്‍ 65 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍.
‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
Read more
മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.