ദുല്‍ഖര്‍ നിങ്ങളുടെ ഹൃദയം കവരും; സോയഫാക്ടറിനെ കുറിച്ച് കരണ്‍ ജോഹര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം ദ സോയ ഫാക്ടറിനെ കുറിച്ച് കരണ്‍ ജോഹര്‍. ചിത്രത്തിലെ ദുല്‍ഖറിന്റെ കഥാപാത്രം ഏവരുടെയും ഹൃദയം കവരുമെന്നും, ഒരു പുഞ്ചിരി നിങ്ങള്‍ക്ക് സമ്മാനിക്കുന്ന ചിത്രമാണിതെന്നും കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂര്‍ ആണ് നായിക. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

1983-ല്‍ ഇന്ത്യ ലോക കപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോക കപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 2008-ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്‍ രചിച്ച “ദി സോയാ ഫാക്റ്റര്‍” എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.”

ചിത്രത്തിനായി ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രദ്യുമ്നന്‍ സിംഗ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.