ഓഗസ്റ്റില്‍ എത്തില്ല; 'കാപ്പാന്റെ' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ക്ക് നിരാശ നല്‍കികൊണ്ട് മോഹന്‍ലാല്‍- സൂര്യ ചിത്രം കാപ്പാന്റെ റിലീസ് മാറ്റി. ഓഗസ്റ്റ് 30ന് നിശ്ചയിച്ചിരുന്ന ചിത്രം സെപ്തംബര്‍ 20ലേക്കാണ് മാറ്റിയത്. ലൈക പ്രൊഡക്ഷന്‍സാണ് ഇക്കാര്യം തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പ്രഖ്യാപിച്ചത്. റിലീസ് തീയതി മാറ്റിയതിന്റെ കാരണം മറ്റൊന്നുമല്ല. മുമ്പ് നിശ്ചയിച്ചിരുന്ന ഓഗസ്റ്റ് 30 എന്ന റിലീസ് തീയതിയില്‍ തന്നെ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോയും തീയേറ്ററുകളിലെത്തും. രണ്ട് വമ്പന്‍ ചിത്രങ്ങള്‍ തമ്മിലുള്ള പോരിന് അവസരമൊരുക്കാന്‍ ഇരുസിനിമയുടെയും നിര്‍മ്മാതാക്കള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച ഒദ്ദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോ 2017 ലാണ് ചിത്രീകരണം തുടങ്ങിയത്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും ആദ്യ ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ, എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും ചിത്രത്തിലണിനിരക്കുന്നു.

ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസി പ്രമോദാണ്. പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു.

കെ.വി ആനന്ദാണ് കാപ്പാന്‍ സംവിധാനം ചെയ്യുന്നത്. മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ ആര്യയും ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. രക്ഷിക്കും എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് “കാപ്പാന്‍”.

ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയമാണ് കാപ്പാന്‍ ചര്‍ച്ച ചെയ്യുന്നത് എന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്‌നങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്.