ലുലു മാളില്‍ ഷോപ്പിംഗിന് വന്നപ്പോള്‍ പിടിച്ചു നിര്‍ത്തി.. 'സൂപ്പര്‍ ശരണ്യ'യില്‍ എത്തിയ കനി കുസൃതി; ചര്‍ച്ചയാകുന്നു

സൂപ്പര്‍ ശരണ്യ ചിത്രത്തില്‍ ആന്റണി വര്‍ഗീസിന്റെയും നടി കനി കുസൃതിയുടെയും ഗസ്റ്റ് റോളുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. ചിത്രത്തിന്റെ അവസാന ഭാഗത്താണ് ആന്റണി വര്‍ഗീസിന്റെ സുമേഷേട്ടനും മാളില്‍ നിന്ന് മിന്നായം പോലെ വന്നു പോകുന്ന കനി കുസൃതിയുടെ രംഗവും കാണിക്കുന്നത്.

കനിയുടെ കഥാപാത്രത്തെ കാണിച്ച് സംവിധായകന്‍ ഗിരീഷ് എ.ഡി എന്താണ് ഉദ്ദേശിച്ചത് എന്നാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. മാളില്‍ അടി നടക്കുന്ന രംഗത്തില്‍ അര്‍ജുന്‍ അശോകനേയും ആന്റണി വര്‍ഗീസിനേയും കണ്ട് ‘ഹായ് അജഗാജാന്തരം ഷൂട്ടിംഗ്’ എന്ന് കനി പറയുന്ന രസകരമായ ട്രോളും പ്രചരിക്കുന്നുണ്ട്.

”ലുലു മാളിലേക്ക് വന്ന കനി കുസൃതി അങ്ങനെ സൂപ്പര്‍ ശരണ്യയില്‍ ! ലെ: ഡയറക്ടര്‍ ഇതിപ്പോ ലാഭായല്ലോ” എന്ന ക്യാപ്ഷനോടെയാണ് ട്രോള്‍ പ്രചരിക്കുന്നത്. ഷോപ്പിംഗിന് വന്നപ്പോള്‍ കനിയെ പിടിച്ചു നിര്‍ത്തിയതാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

”സൂപ്പര്‍ ശരണ്യ തിയേറ്ററില്‍ കണ്ട അന്നു തൊട്ടുള്ള സംശയമാണ് എന്തിനായിരുന്നു ഇങ്ങനെ ഒരു അഥിതി റോള്‍ കനി കുസൃതി പടത്തില്‍ ചെയ്തത്, പ്രസ്തുത സീന്‍ ഒരു ഷോപ്പിംഗ് മാളിന്റെയോ മറ്റോ പാര്‍ക്കിംഗില്‍ ആണ്.”

”അവിടെ ഷൂട്ടിംഗ് ദിവസം പുള്ളിക്കാരി ഷോപ്പിംഗിന് വന്നപ്പോള്‍ പിടിച്ചു നിര്‍ത്തിയത് ആണോ, അതോ സൗഹൃദത്തിന്റെ പേരിലാണോ അതുമല്ലെങ്കില്‍ വേറെ ഏതോ സിനിമയില്‍ നിന്ന് ഇറങ്ങി പോവുന്ന കഥാപാത്രം ആണോ. ഗിരീഷ് എ.ഡി. ഇതിനുത്തരം പറയണം” എന്നാണ് ഒരു മൂവി ഗ്രൂപ്പില്‍ വന്ന കുറിപ്പ്.