'കനകം കാമിനി കലഹം'; 'ഡിസ്‌നി ഡേ'യില്‍ ഹോട്ട്സ്റ്റാറില്‍ റിലീസാകുന്ന ആദ്യ മലയാള സിനിമ

ഇന്ത്യയിലെ മികച്ച ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോമായ ഡിസ്നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ മലയാള സിനിമയായി കനകം കാമിനി കലഹം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കൊപ്പം വിനയ് ഫോര്‍ട്ടും, ഗ്രേസ് ആന്റണിയും മുഖ്യകഥാപാത്രങ്ങളായെത്തുന്നു. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ജോയ് മാത്യു, സുധീഷ്, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, സുധീര്‍ പറവൂര്‍ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നുണ്ട്. ‘ഡിസ്നി ഡേ’ ആയ നവംബര്‍ 12ന് ആണ് സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തിയത്.

തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് കനകം കാമിനി കലഹമെന്ന് നിവിന്‍ പോളി ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോര്‍ട്ടില്‍ എത്തുന്ന ദമ്പതികളും അവിടെ അവര്‍ക്ക് സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ചിത്രത്തിലെ ‘മഞ്ഞകാല്‍വരിപൂക്കള്‍’ എന്ന് തുടങ്ങുന്ന കവിത ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. യാക്സെന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.