കമല്‍ഹാസന്‍ ചിത്രം ഉപേക്ഷിച്ചോ? പ്രതികരിച്ച് മഹേഷ് നാരായണന്‍

കമല്‍ഹാസനൊപ്പമുള്ള സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. ‘വിക്രം’ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയാണ് കമല്‍ ഹാസനെ നായകനാക്കി മഹേഷ് നാരായണന്‍ പ്രഖ്യാപിച്ചത്. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സിനിമ ഉപേക്ഷിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

എന്നാല്‍ ആ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് അറിയിച്ചിരിക്കുകയാണ് മഹേഷ് നാരായണന്‍. കമല്‍ഹാസന്‍ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ്. എന്നാല്‍ അദ്ദേഹം മറ്റ് സിനിമകളുടെ തിരക്കിലായതിനാലാണ് തിരക്കഥ പൂര്‍ത്തിയാക്കാന്‍ വൈകുന്നത്.

കമല്‍ തിരക്കഥ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് മഹേഷ് നാരായണന്‍ ഒരു മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്. ഭരതന്‍ സംവിധാനം ചെയ്ത ‘തേവര്‍മകന്‍’ എന്ന സിനിമയുടെ തുടര്‍ച്ചയായിരിക്കും ഈ ചിത്രമെന്ന് അഭ്യൂഹങ്ങളുണ്ട്.

‘ടേക്ക് ഓഫ്’, ‘സീ യൂ സൂണ്‍’, ‘മാലിക്’ എന്നീ മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്ത മഹേഷ് നാരായണന്‍, കമല്‍ ഹാസന്റെ ‘വിശ്വരൂപം’ എന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും ചിത്രസംയോജകനായിരുന്നു.

നിലവില്‍ കമല്‍ഹാസന്‍ ‘ഇന്ത്യന്‍ 2’ പൂര്‍ത്തിയാക്കിയ ശേഷം മണിരത്‌നത്തിനൊപ്പം ‘കെഎച്ച് 234’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ജോലികള്‍ ആരംഭിക്കും. പാ രഞ്ജിത്ത്, വെട്രിമാരന്‍, എച്ച് വിനോദ് തുടങ്ങിയ സംവിധായകരുടെ പ്രോജക്ടുകളും കമലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.