സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷാജി കൈലാസ്; 'കടുവ' ചിത്രീകരണം നിര്‍ത്തി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന “കടുവ” സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വച്ചു. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെയാണ് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുന്നത്.

“”നമ്മുടെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് “കടുവ” സിനിമയുടെ ഷൂട്ടിംഗ് ഞങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണ്. സ്ഥിതിഗതികള്‍ കുറച്ചുകൂടി സുഖപ്രദമാകുമ്പോള്‍ ഞങ്ങള്‍ ചിത്രീകരണം പുനരാരംഭിക്കും….സുരക്ഷിതരായി തുടരൂ”” എന്ന് ഷാജി കൈലാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കടുവ. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് കടുവ.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. ജിനു വി. എബ്രഹാം ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. 90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.