നാല് ദിവസം, കടുവ വാരിയത് 25 കോടി

നാല് ദിവസം കൊണ്ട് 25 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി ‘കടുവ’. ആഗോള കളക്ഷനും തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളുടെ കളക്ഷനും കൂട്ടിയാണ് സിനിമ ഈ നേട്ടത്തിലെത്തിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

. മൂന്ന് ദിവസംകൊണ്ട് പതിനേഴ് കോടി നേടിയ മലയാളം പതിപ്പിന്റെ ഓപ്പണിങ് കളക്ഷന്‍ മാത്രം നാല് കോടിയായിരുന്നു. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’ എട്ട് ദിവസംകൊണ്ട് ഉണ്ടാക്കിയ നേട്ടമാണ് കടുവയ്ക്ക് നാല് ദിവസത്തില്‍ സാധ്യമായത്. ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടിയായിരുന്നു ജനഗണമനയുടെ ആകെ കളക്ഷന്‍.

ജൂലൈ 7നാണ് കടുവ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘കടുവ’യ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. റിലീസിന് പിന്നാലെ ചിത്രത്തിലെ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന ഡയലോഗ് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഷാജി കൈലാസും പൃഥ്വിരാജും, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും മാപ്പ് പറയുകയും ആ സംഭാഷണം ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഒരുങ്ങുകയുമാണ്.