തിയേറ്ററുകളിലല്ല 'പൊന്‍മകള്‍ വന്താല്‍' ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നു; തിയതി പ്രഖ്യാപിച്ചു

ജ്യോതിക നായികയായെത്തുന്ന ചിത്രം “പൊന്‍മകള്‍ വന്താല്‍” ഒടിടി റിലീസിനൊരുങ്ങുന്നു. മെയ് ആദ്യ വാരം മുതലാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നത്. തമിഴ് സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സിനിമ ഒടിടി റിലീസിനൊരുങ്ങുന്നത്.

മാര്‍ച്ച് 27-നായിരുന്നു പൊന്‍മകള്‍ വന്താല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെയാണ് ചിത്രം ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നത്.

ജെ.ജെ ഫ്രെഡ്രിക് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പാണ്ഡിരാജന്‍, പ്രതാപ് പോത്തന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2ഡി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നടന്‍ സൂര്യയും രാജശേഖര്‍ പാണ്ഡ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.