‘ജോസഫ്’ തമിഴിലേക്ക്, ജോജുവിന്റെ കഥാപാത്രം ചെയ്യുന്നത് ഈ താരം

പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജോജു ജോര്‍ജ് ചിത്രം ജോസഫ് തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി നിര്‍മാതാവ് ബാല. നടന്‍ ആര്‍ കെ സുരേഷ് നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ ആരംഭിക്കും.

എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോസഫ് എന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ജോജു അവതരിപ്പിച്ചത്. സമകാലിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്ത ചിത്രം മലയാളത്തിലെ മികച്ച കുറ്റാന്വേഷണ കഥയായി.

ബാല ഒരുക്കുന്ന തമിഴ് റീമേക്കും എം പത്മകുമാര്‍ തന്നെയാണ് സംവിധാനം ചെയ്യുക. ചിത്രത്തിലൂടെ എം പത്മകുമാറിന്റെ തമിഴ് അരങ്ങേറ്റത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 2020 മാര്‍ച്ചോടെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും.

തറൈ താപ്പട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അങ്ങേറ്റം കുറിച്ച ആര്‍ കെ സുരേഷ് മമ്മൂട്ടിയുടെ മധുരരാജ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.