ഡെപ്പിന്റെയും ഹേഡിന്റെയും ആഡംബരവീട് വില്‍പ്പനയ്ക്ക്; ഒരു ഭാഗത്തിന് 13.7 കോടി

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആബർ ഹേഡും താമസിച്ചിരുന്ന വീട് വിൽപ്പനയ്ക്ക്. അമേരിക്കയിലെ പ്രമുഖ റിയൽ എസ്‌റ്റേറ്റ് സ്ഥാപനമായ ഡഗ്ലസ് എല്ലിമൻ എന്ന കമ്പനിയാണ് വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹേഡിന് എതിരെയുള്ള മാനനഷ്ടകേസിൽ വിധി വന്നതിന് പിന്നാലെയാണ് ഡെപ്പ് വീട് വിൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തു വരുന്നത്.

ലോസ് ആഞ്ജലോസിൽ സ്ഥിതി ചെയ്യുന്ന 1780 ചതുരശ്ര വിസ്തീർണമുള്ള വീട് ഓരോ പ്രത്യേക യൂണിറ്റുകളായി തിരിച്ചാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇതിൽ ഒരു ഭാഗത്തിന് 1.76 മില്ല്യൺ ഡോളാണ് (13.7 കോടി)വില. ഈസ്‌റ്റേൺ കൊളമ്പിയ ബിൽഡിങിന്റെ മുകളിലെ നിലയിയാണ് വീടുള്ളത്. 1930ലാണ് ഈ വീട് പണി കഴിപ്പിച്ചത്. ഒരു കിടപ്പുമുറി, രണ്ട് ബാത്ത്‌റൂമുകൾ, അടുക്കള, ഫിറ്റനസ് സ്റ്റുഡിയോ തുങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീടാണിത്.

വിവാഹ ശേഷം 2015ലാണ് ഇരുവരും ഈ വീട്ടിൽ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ഏകദേശം 15 മാസം മാത്രമാണ് ഇവിടെ ഇരുവരും ഈ വീട്ടിൽ കഴിഞ്ഞത്. പിന്നീട് 2016ൽ ഇരുവരും വേർപിരിയുകയുകയായിരുന്നു. അതേസമയം, ആറ് ആഴ്ചത്തെ സാക്ഷി വിസ്താരത്തിനൊടുവിൽ അടുത്തിടെയാണ് മാനനഷ്ടക്കേസിൽ ഹേഡിന് എതിരെ വിധി വന്നത്.

ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണം. ആംബർ ഹേഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി. എന്നാൽ ഇത്രയും തുക നൽകാൻ ഹേഡിന് കഴിയില്ലെന്ന് നടിയുടെ അഭിഭാഷക എലേൻ ബ്രെഡെകോഫ് അറിയിച്ചിരുന്നു.