ജയസൂര്യയും ശ്രുതി രാമചന്ദ്രനും രണ്ടാം വട്ടം ഒന്നിക്കുന്നു; തിരക്കഥ ഒരുക്കുന്നത് ശ്രുതിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ്

ജയസൂര്യ നായകനാകുന്ന ചിത്രം “അന്വേഷണം” ജനുവരി 31ന് റിലീസിനെത്തുകയാണ്. “സത്യം എപ്പോഴും വിചിത്രമായിരിക്കും” എന്ന ടാഗ് ലൈനോടുകൂടെ എത്തുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. 2016ല്‍ പുറത്തിറങ്ങിയ “പ്രേത”ത്തിന് ശേഷം ജയസൂര്യയും ശ്രുതി രാമചന്ദ്രനും വീണ്ടും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി അന്വേഷണത്തിനുണ്ട്.

ജയസൂര്യ നായകനായെത്തിയ രഞ്ജിത് ശങ്കര്‍ ചിത്രം പ്രേതത്തിലൂടെയാണ് ശ്രുതി രാമചന്ദ്രന്‍ ശ്രദ്ധേയായത്. ചിത്രത്തില്‍ ക്ലാര എന്ന പ്രേത കഥാപാത്രമായാണ് ശ്രുതി വേഷമിട്ടത്. ജയസൂര്യയാണ് തന്നെ പ്രേതത്തിലേക്ക് കൊണ്ടുവന്നതെന്ന് ശ്രുതി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാം വട്ടവും ഇവര്‍ ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ശ്രുതിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ലാല്‍, വിജയ് ബാബു, ലിയോണ ലിഷോയ്, ലെന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ4 എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം.

Image may contain: 1 person, standing, beard and text