'പേര് ഈശോ, കണ്ടിട്ട് യൂദാസിനെ പോലെയാണോ തോന്നുന്നേ?' ത്രില്ലര്‍ മൂഡില്‍ ടീസര്‍

 

 

ജയസൂര്യ ചിത്രം ഈശോയുടെ പുതിയ ടീസര്‍ റിലീസ് ചെയ്തു. ഒരു ത്രില്ലര്‍ മൂഡിലാണ് ടീസര്‍ മുന്നോട്ടു പോകുന്നത്. നാദിര്‍ഷായാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

വലിയ വിവാദങ്ങളാണ് ഈശോ എന്ന സിനിമയുടെ ചുറ്റിപ്പറ്റി ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ചില ക്രിസ്തീയ സംഘടനകള്‍ എത്തിയിരുന്നു. ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ പേരെന്നാണ് സംഘടനകളുടെ വാദം.

സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് സെന്‍സര്‍ ബോര്‍ഡില്‍ വിവിധ സംഘടനകള്‍ കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ മോശമായി ഒന്നും പരാമര്‍ശം ഇല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ചു. ഈ സിനിമയ്ക്ക് മറ്റൊന്നും പേര് നല്‍കാന്‍ കഴിയില്ലെന്നും സെന്‍സര്‍ബോര്‍ഡ് വിലയിരുത്തി.അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്.

സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.