ചിരിയില്‍ അല്‍പ്പം കാര്യവുമായി ജയറാമിന്റെ 'മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍'; ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത്

ലോനപ്പന്റെ മാമ്മോദീസയ്ക്ക് ശേഷം ജയറാം നായകനായെത്തുന്ന പുതിയ ചിത്രം മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നടന്‍ ടോവീനോ തോമസ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. കോമഡിയും സസ്‌പെന്‍സും നിറച്ച് ഒരു ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്നാണ് ട്രെയില്‍ നല്‍കുന്ന സൂചന.

മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്നു ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുമായി ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതുണ്ട്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഷാനി ഖാദറാണ്. ഉണ്ണി മുകുന്ദന്‍, ബാബുരാജ്, രാജാമണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗദ, സലിംകുമാര്‍, ജോണി ആന്റണി, ആശ അരവിന്ദ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

റാഹ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.