ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദം; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ‘ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിയിൽ വിശദീകരണം തേടി ഹൈക്കോടതി. മറ്റന്നാൾ ഹർജി പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’ എന്ന പേര് ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽ നിന്നും മാറ്റണമെന്ന ആവശ്യം മുൻനിർത്തിയാണ് ചിത്രത്തിന്റെ റിലീസ് സെൻസർ ബോർഡ് തടഞ്ഞത്.

ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിൽ ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റി പ്രിവ്യൂ പൂർണമായി കണ്ടതിന് ശേഷം കേസ് പരിഗണിക്കാമെന്ന നിലപാടിലാണ് ഹൈക്കോടതി. അതേസമയം, സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ നാളെയായിരിക്കും ചിത്രത്തിന്റെ പ്രിവ്യൂ കാണുക. സെൻസർ ബോർഡിന്റെ തുടർനിലപാട് അറിഞ്ഞതിന് ശേഷം കേസിൽ കക്ഷി ചേരാമെന്നാണ് ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാട്.

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങിയ കോർട്ട് റൂം ത്രില്ലർ ചിത്രം ജൂൺ 27-ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്താനിരിക്കവെയാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ തുടങ്ങിയവരും ചത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read more