തമിഴകത്ത് തീപ്പൊരി പ്രസംഗമില്ല, 'ജനനായകന്‍' ഓഡിയോ ലോഞ്ച് അങ്ങ് മലേഷ്യയില്‍; വിജയ്‌യുടെ അവസാന ചിത്രം ചര്‍ച്ചകളില്‍

വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ച് മലേഷ്യയില്‍. ഏഷ്യയിലെ നാലാമത്തെ വലിയ സ്റ്റേഡിയമായ ബുക്കിറ്റ് ജലീല്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 27ന് ആണ് പരിപാടി നടക്കുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് പുറത്തിറക്കിയ ഓഡിയോ ലോഞ്ച് അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഇതുവരെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് തമിഴ്നാട്ടില്‍ ആയിരുന്നു നടത്തിയിരുന്നത്. എന്നാല്‍ തന്റെ അവസാന ചിത്രം എന്തുകൊണ്ട് മലേഷ്യയില്‍ നടത്തുന്നുവെന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. കരൂര്‍ ദുരന്തത്തിന് ശേഷം പൊതുപരിപാടികളില്‍ ഒന്നും വിജയ് പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയം അടക്കം അഭിസംബോധന ചെയ്തു കൊണ്ടാവും വിജയ് മലേഷ്യയിലെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുക എന്നാണ് കരുതുന്നത്.

അതേസമയം, സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ വിജയ്യുടെ സിനിമാ കരിയറിലെ അവസാന ചിത്രം കൂടിയാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോബി ഡിയോള്‍, പൂജ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിത ബൈജു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Read more

ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ‘ദളപതി കച്ചേരി’ എന്ന ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയയുമാണ് സഹനിര്‍മാണം. ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനില്‍ അരശ്, ആര്‍ട്ട്: വി സെല്‍വ കുമാര്‍, എഡിറ്റിങ്: പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍.