മുംബൈയില്‍ കള്ളക്കടത്ത് നടത്തുന്ന മാത്യു, പുറമേ ലെതര്‍ കമ്പനി മാത്രം; നെല്‍സന്റെ മനസിലെ കഥ വെളിപ്പെടുത്തി 'ജയിലര്‍' ക്യാമറാമാന്‍

നിമിഷങ്ങള്‍ മാത്രമാണ് മാത്യുവായി മോഹന്‍ലാല്‍ ‘ജയിലര്‍’ ചിത്രത്തില്‍ എത്തിയതെങ്കിലും ഗംഭീര സ്വീകരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. മോഹന്‍ലാലുമൊത്ത് ഒരു മുഴുനീള ചിത്രം ചെയ്യാനുള്ള ആഗ്രഹം ജയിലര്‍ റിലീസിന് ശേഷം സംവിധായകന്‍ നെല്‍സണ്‍ പങ്കുവച്ചിരുന്നു. ഇത് വെറുമൊരു ആഗ്രഹത്തിന്റെ പുറത്ത് പറഞ്ഞതല്ല എന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനായ വിജയ് കാര്‍ത്തിക് കണ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ജയിലറിലെ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ കാമിയോ റോളുകള്‍ക്ക് സ്‌ക്രീന്‍ ടൈം കുറവാണെങ്കിലും ഈ കഥാപാത്രങ്ങള്‍ക്കെല്ലാം വിശദമായ പശ്ചാത്തലങ്ങള്‍ നെല്‍സണ്‍ തയാറാക്കിയിരുന്നു. സൗത്ത് മുംബൈയില്‍ ലെതര്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി നടത്തുന്ന ആളാണ് മാത്യു. ഈ കമ്പനി മറയാക്കിയാണ് മാത്യു കള്ളക്കടത്ത് നടത്തുന്നത്.

മോഹന്‍ലാല്‍ സാറിന്റെ ഭാഗങ്ങള്‍ ഹൈദരാബാദില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. ആദ്യം വേറെയൊരു സ്ഥലമാണ് ആ സീന്‍ ചിത്രീകരിക്കുന്നതിനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് ഇങ്ങനെയൊരു ഗാരേജ് റൂമില്‍ ഈ സീന്‍ ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന് നെല്‍സണ്‍ ചോദിക്കുന്നത്. അതൊരു ഡാര്‍ക് റൂം ആയിരുന്നു.

പിന്നെ എന്റേതായ രീതിയില്‍ കുറച്ച് ലൈറ്റിംഗ് നടത്തി. മോഹന്‍ലാല്‍ സാര്‍ ലെതര്‍ ഏപ്രണ്‍ ആണ് അണിയുന്നത്. അതും നെല്‍സന്റെ ഐഡിയായിരുന്നു. അതിലേക്കാണ് രക്തം ചീറ്റുന്നത്. എല്ലാത്തിലും ഒരു പശ്ചാത്തല കഥ നെല്‍സന്റെ കയ്യില്‍ ഉണ്ടായിരുന്നു. ആ കഥയെല്ലാ ഗംഭീരമാണ്. അതുവച്ചു തന്നെ നമുക്കൊരു സ്പിന്‍ ഓഫ് സിനിമ ചെയ്യാം. കഥയില്‍ ലാല്‍ സര്‍ ബോംബെയില്‍ ഒരു ഡോണ്‍ ആണ്.

എന്നാല്‍ ഇതു മറച്ചു വയ്ക്കുന്നതായി അദ്ദേഹത്തിന് വേറൊരു ബിസിനസ് ഉണ്ട്. പുറത്തുള്ളവരെ കാട്ടുന്നതിനായി ഒരു ലെതര്‍ എക്‌സ്‌പോര്‍ട്ട് കമ്പനിയായി അത് വച്ചിരിക്കുന്നു. ഇത് മറയാക്കിയാണ് അദ്ദേഹം മറ്റ് ബിസിനസ് ചെയ്യുന്നത്. സിനിമയില്‍ മോഹന്‍ലാല്‍ സാറിന്റെ കഥാപാത്രം രജനി സാറിന് കുറേ തോക്കുകള്‍ കാണിച്ചു കൊടുക്കുന്ന രംഗമുണ്ട്. അവിടെ ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം. എല്ലാം ലെതറാണ്.

അതു തുറക്കുമ്പോഴാണ് ഒരു രഹസ്യ റൂം കാണുന്നത്. ഈ കഥ മുഴുവന്‍ നെല്‍സണ്‍ പറഞ്ഞിട്ടുണ്ട്. 1950 കളിലുള്ള ബില്‍ഡിംഗിലാണ് ആ കമ്പനി പ്രവര്‍ത്തിക്കുന്നത്. സൗത്ത് മുംബൈയിലാണ് ആ ഓഫീസ്. ലാല്‍ സര്‍ നടന്നു വരുമ്പോള്‍ ആ ഓഫീസ് സ്റ്റാഫുകളെല്ലാം എഴുന്നേറ്റു നില്‍ക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ലെതര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സ്റ്റാഫുകളാണ്.

ഇങ്ങനെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഓരോ കഥ നെല്‍സന്റെ മനസില്‍ വച്ചിട്ടുണ്ട്. കഥയില്‍ കുറച്ച് ആഴത്തില്‍ നോക്കുകയാണെങ്കില്‍ ലാല്‍ സര്‍ എവിടെ നിന്നാണ് പെട്ടന്ന് ഓഫീസില്‍ വരുന്നതെന്ന ചോദ്യം വരും. ആ ആളുകളെ എവിടെയാണ് അടിച്ചു കൊന്നതെന്നും സംശയം വരും. ഇതിനെല്ലാമുള്ള ഉത്തരം നെല്‍സന്റെ മനസില്‍ ഉണ്ടായിരുന്നു എന്നാണ് വിജയ് കാര്‍ത്തിക് പറയുന്നത്.