ജയ് ഭീം കേസ്; സൂര്യയ്ക്കും സംവിധായകനും എതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

ജയ് ഭീമില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന കേസില്‍ പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍ നടന്‍ സൂര്യ, സംവിധായകന്‍ ടി.ജെ.ജ്ഞാനവേല്‍ തുടങ്ങിയവര്‍ക്കെതിരേ കടുത്ത നടപടി പാടില്ലെന്നാണ് പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.

സൂര്യയുടെ ഭാര്യയും ചിത്രത്തിന്റെ നിര്‍മാതാവുമായ ജ്യോതികയും കേസില്‍ പ്രതിയാണ്. സെയ്ദാപ്പേട്ട് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് വേളാച്ചേരി പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്.

വണ്ണിയര്‍ സമുദായത്തില്‍പ്പെട്ട സന്തോഷാണ് സൂര്യ അടക്കമുള്ളവര്‍ക്കെതിരേ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസെടുക്കാന്‍ കോടതി പോലീസിനോട് ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ സൂര്യയും സംവിധായകനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സതീഷ്‌കുമാര്‍ പോലീസില്‍നിന്ന് വിശദീകരണം തേടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ കേസില്‍ പ്രതികള്‍ക്കെതിരേ കടുത്ത നടപടി പാടില്ലെന്നാണ് പോലീസിനോട് നിര്‍ദേശിച്ചത്.