ഷൂട്ട് കാണാന്‍ വന്ന ടീച്ചര്‍മാരും കുട്ടികളും ആ സീന്‍ വന്നതും ചിതറിയോടി, അമ്മാതിരി ഡയലോഗുള്ള സീനായിരുന്നു; ചുരുളിയെ കുറിച്ച് ജാഫര്‍

തെറിവാക്കുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയ്‌ക്കെതിരെ ഉയരുന്നത്. ഇപ്പോഴിതാ ഡയലോഗുകളില്‍ നിറയെ തെറി വാക്കുകള്‍ ആയതുകൊണ്ട് ഷൂട്ട് കാണാനെത്തിയവര്‍ പകച്ചു പോയ സംഭവവും ജാഫര്‍ ഇടുക്കി പങ്കുവച്ചിരിക്കുകയാണ്

. ‘എന്റെ നാടിന്റെ അടുത്ത് കുളമാവ് എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്. അവിടെ ഒരു ചെറിയ യു.പി സ്‌കൂളുണ്ട്. അപ്പോള്‍ അവിടെ ഉള്ള ഒരാള്‍ പറഞ്ഞു കുട്ടികള്‍ക്ക് ഷൂട്ടിങ് കാണണമെന്ന്. നമുക്ക് അവരോട് കാണാന്‍ വരാന്‍ പറ്റില്ല എന്നും പറയാന്‍ പറ്റില്ല. വന്നോളാന്‍ പറഞ്ഞു. ഒരു അക്രമ സീന്‍ ഷൂട്ട് നടന്നുകൊണ്ടിരുക്കുമ്പോഴാണ് അവര്‍ വന്നത്. ഷൂട്ട് തുടങ്ങിയതും ടീച്ചര്‍മാരും കുട്ടികളുമെല്ലാം നാലുഭാഗത്തേക്ക് ചിതറിയോടി. കാരണം അമ്മാതിരി ഡയലോഗുള്ള സീനായിരുന്നു അത്. ഇത് നടന്ന സംഭവമാണ്,’ ചിരിയോടെ ജാഫര്‍ ഇടുക്കി പറഞ്ഞു.

‘ഞാന്‍ സൂപ്പര്‍ ആയീന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. സിനിമയാണ്. നല്ലതും മോശവുമായ വിമര്‍ശനങ്ങള്‍ വരാം. എന്നെ സംബന്ധിച്ച് അതിലൊരു കുഴപ്പവുമില്ല. സിനിമയുടെ ഔട്ട് ഇറങ്ങി. ഇനി ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ,’ മനോരമയുമായുള്ള അഭിമുഖത്തില്‍ ജാഫര്‍ പറഞ്ഞു .