രജനിയുടെ 'ജയിലർ' ശിവകാർത്തികേയന്റെ അച്ഛന്റെ ജീവിതകഥയോ ?

ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകർ കാത്തിരിക്കുന്ന രജനിയുടെ 169 മത് ചിത്രമാണ് ജയിലർ. തമിഴ് സിനിമാലോകം കാത്തിരിക്കുന്ന ഈ വമ്പൻ പ്രൊജക്റ്റ് സിനിമയിലെ താരനിരകൊണ്ട് ശ്രദ്ധേയമാണ്. രജനികാന്ത് ടൈറ്റിൽ റോളിലെത്തുന്ന ജയിലർ ഈ വർഷം ദീപാവലി സമയത്ത് തിയറ്ററുകളെത്തും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിന്റെ പുതിയൊരു വാർത്തയാണ് സിനിമാലോകത്ത് അടക്കം ഇപ്പോൾ ചർച്ചയാവുന്നത്. തമിഴ് നടൻ ശിവകാർത്തികേയന്റെ അന്തരിച്ച പിതാവ് ജി. ദോസിന്റെ കഥയാണ് ജയിലറിന്റേത് എന്ന പുതിയ വാർത്തകളാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജയിലറായിരുന്ന ശിവകാർത്തികേയൻ്റെ അച്ഛൻ ജി. ദോസിൻ്റെ ഔദ്യോഗിക ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് തമിഴ് സിനിമാലോകത്തെ പുതിയ സംസാരം. ശിവകാ‍ർത്തികേയൻ്റെ അച്ഛൻ ജി. ദോസ് പോലീസ് സർവീസിലായിരുന്നു. കുറ്റവാളികളോട് അനുകമ്പ കാണിച്ചിരുന്ന, അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പരമാവധി ശ്രമിച്ച സത്യസന്ധനായ ജയിലറായിരുന്നു ജി. ദോസ്. അച്ഛനെ താൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അച്ഛൻ്റെ ഓർമയ്ക്കായാണ് മകന് ഗുഗൻ ദോസ് എന്ന് പേരിട്ടതെന്നും പല അഭിമുഖങ്ങളിലും ശിവകാർത്തികേയൻ പറഞ്ഞിട്ടുണ്ട്. ഇതിലൂടെ പതിനേഴു വർഷത്തിന് ശേഷം അച്ഛൻ വീണ്ടും ജനിച്ചുവെന്ന് വിശ്വസിക്കുകയാണെന്നും ശിവകാർത്തികേയൻ പറഞ്ഞു. അച്ഛന്റെ പാത പിന്തുടർന്ന് ശിവകാർത്തികേയൻ പോലീസുകാരനായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് നെൽസൺ സങ്കൽപ്പിച്ചതായും ചില റിപ്പോർട്ടുകൾ പറയുന്നു. ജി. ദോസിന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെയെല്ലാം കോർത്തിണക്കി സിനിമാറ്റിക് രൂപത്തിൽ ജയിലറിലൂടെ അവതരിപ്പിക്കുകയാണെന്നും സിനിമയിൽ രജനിയുടെ മകനായി അഭിനയിക്കുന്നത് വസന്ത് രവി എന്ന പോലീസുകാരനാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സംവിധായകൻ നെൽസണുമായി ശിവകാർത്തികേയൻ വളരെ അടുപ്പമുള്ളയാൾ ആണെന്നതും ‘വേട്ടൈ മന്നൻ’എന്ന ചിത്രത്തിന്റെ നിർമ്മാണ വേളയിൽ ശിവകാർത്തികേയൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട് എന്നതും ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി. സംവിധായകൻ നെൽസണും ശിവകാർത്തികേയനും വളരെ അടുത്ത സുഹൃത്തുക്കളാണ്. വിജയ്‌യെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കിയ ബീസ്റ്റ് എന്ന സിനിമയിലെ ശ്രദ്ധേയമായ അറബി കുത്ത് എന്ന ഗാനം രചിച്ചത് ശിവകാർത്തികേയനായിരുന്നു. നെൽസന്റെ രണ്ടാമത്തെ ചിത്രമായ ഡോക്ടറിൽ നായകൻ ആയതും ശിവകാർത്തികേയൻ ആയിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ ആയതിനാൽ നെൽസന് ശിവകാർത്തികേയൻ്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണുള്ളത്.

ശിവകാർത്തികേയൻ്റെ പിതാവിൻ്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണോ ജയിലർ എന്ന സിനിമ എന്ന് പ്രമോഷൻ സമയങ്ങളിൽ മാത്രമേ കൃത്യമായ വിവരം പുറത്തു വരികയുള്ളു. സിനിമയിൽ ശിവകാർത്തികേയനും ഒരു പ്രധാന വേഷം ചെയ്യുമെന്ന് നേരത്തെ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ശിവകാർത്തികേയൻ തന്നെ അത് പിന്നീട് നിഷേധിച്ചിരുന്നു. അതേസമയം, ക്യാമറക്ക് മുന്നിൽ ഇല്ലെങ്കിലും സിനിമയിൽ ശിവകാ‍ർത്തികേയനും ഭാഗമാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മലയാളത്തിൽ നിന്നും മോഹൻലാൽ, കന്നടത്തിൽ നിന്നും ശിവരാജ് കുമാർ, തെന്നിന്ത്യൻ നായിക തമന്ന തുടങ്ങി വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രജനികാന്തിൻ്റെ വേറിട്ടൊരു കഥാപാത്രമാണ് തിയറ്ററുകളിൽ എത്തുക.

ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിൽ എത്തിയിരിക്കുകയാണ്. ഏപ്രിലിൽ ചിത്രീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ ഇരുതാരങ്ങളുടെയും മാസ് ഫൈറ്റ് സീൻ ഉണ്ടാവുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു. സൺ പിക്ചേർസിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. നടി രമ്യ കൃഷ്ണനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂപ്പർ ഹിറ്റ് ചിത്രമായ പടയപ്പയ്ക്കു ശേഷം രമ്യ കൃഷ്ണനും രജനികാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ജയിലർ.