'മിസ്റ്റര്‍ ബീന്‍' കാര്‍ അപകടത്തില്‍ മരിച്ചതായി ട്വീറ്റ്, സത്യാവസ്ഥ അറിയാതെ ആശങ്കാകുലരായി ആരാധകര്, ഇതില്‍ ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ്

മിസ്റ്റര്‍ ബീന്‍ കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന അതുല്യ പ്രതിഭ റൊവാന്‍ ആറ്റ്കിന്‍സണ്‍ മരിച്ചുവെന്ന തരത്തില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റുകളാണ് ഇപ്പോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

2017ല്‍ ഫോക്‌സ് ന്യൂസിന്റെ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട വ്യാജ വാര്‍ത്തയുടെ ഭാഗമാണ് ഇപ്പോള്‍ മിസ്റ്റര്‍ ബീന്‍ മരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന ട്വീറ്റുകളുമെന്നാണ് ഹോളിവുഡ് അറിയിക്കുന്നത്. റൊവന്‍ അറ്റ്കിന്‍സണ്‍ ഒരു കാര്‍ അപകടത്തില്‍ മരിച്ചുവെന്നാണ് ട്വീറ്റ് അവകാശപ്പെട്ടിരുന്നത്.

താരത്തിന്റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് തുറക്കുമ്പോള്‍ ഒരു പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. പേജ് തുറന്ന് വരുമ്പോള്‍ ഒരു ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യാന്‍ പറയുന്നതും കാണാം. അതിനാല്‍ തന്നെ സോഷ്യല്‍മീഡിയ ഉപയോക്താക്കളെ കബിളിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാമൂഹ്യവിരുദ്ധര്‍ ഉണ്ടാക്കിയതാകാം താരത്തിന്റെ മരണത്തെ കുറിച്ചുള്ള ട്വീറ്റെന്ന് മുന്നറിയിപ്പുകളും സോഷ്യല്‍മീഡിയയിലുണ്ട്.

പലപ്പോഴും സിനിമാ താരങ്ങളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഇത്തരത്തിലുള്ള വ്യാജ മരണവാര്‍ത്തകളുടെ ഇരകളാകാറുണ്ട്. അവയില്‍ പുതിതായി ചേര്‍ക്കപ്പെട്ട പേരാണ് റൊവാന്‍ ആറ്റ്കിന്‍സണിന്റേത്.