ഹരീഷ് കണാരന്റെ പുഞ്ചിരിക്കുന്ന ചിത്രം ബാദുഷക്കുള്ള മറുപടിയോ? ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇക്കഴിഞ്ഞ കുറച്ചുനാളുകളായി പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയും നടനും കോമഡി താരവുമായ ഹരീഷ് കണാരനും തമ്മി അസ്വാരസ്യങ്ങൾ ഏറെയാണ്. ആരോപണ പ്രത്യാരോപണങ്ങൾ ഇടയ്ക്കിടെ ഇരുവരും ഉയർത്തുന്നുണ്ട്. അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസവും പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ ഹരീഷ് കണാരനെതിരെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുകയുണ്ടായി. ഇതിന് പിന്നാലെ ഹരീഷ് കണാരൻ സോഷ്യൽ മീഡിയയിൽ തന്റെ ചിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

ബാദുഷ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്കും നിയമനടപടി ഭീഷണികൾക്കും ഇടയിൽ പുഞ്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് ഹരീഷ് കണാരൻ എത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയവും. ഇത് എൻ എം ബാദുഷക്കുള്ള മറുപടി അല്ലെ എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ ചോദിക്കുന്നത്. വാക്കുകൾ കൊണ്ടുള്ള വാക്പോരിന് നിൽക്കാതെ സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഹരീഷിന് പിന്തുണയുമായി നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് രംഗത്തെത്തിയിരിക്കുന്നത്.

നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻഎം ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നും സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്നും ഹരീഷ് കണാരൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ച ബാദുഷ, ആരോപണങ്ങൾ പൂർണ്ണമായും തള്ളി രംഗത്തെത്തി. 20 ലക്ഷമല്ല, മറിച്ച് 14 ലക്ഷം രൂപയാണ് താൻ വാങ്ങിയതെന്നും അതിൽ 7 ലക്ഷം രൂപ തിരികെ നൽകിയെന്നും ബാദുഷ വ്യക്തമാക്കി. ബാക്കി തുക ഹരീഷിൻ്റെ സിനിമകൾക്ക് വേണ്ടി കഴിഞ്ഞ 5 വർഷമായി താൻ ചെയ്‌ത സേവനങ്ങൾക്കുള്ള പ്രതിഫലമായി കണ്ടുവെന്നും ബാദുഷ പറഞ്ഞു.

തന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നുവെന്നും മക്കൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥയാണെന്നും ബാദുഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹരീഷിനെതിരെയും തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെയും പൊലീസിൽ പരാതി നൽകിയതായി ബാദുഷ അറിയിച്ചു. “സത്യം ഒരു ദിവസം വെളിച്ചത്ത് വരും” എന്നായിരുന്നു പരാതിയുടെ രസീത് പങ്കുവെച്ച് ബാദുഷ കുറിച്ചത്. ഇതിന് പിന്നാലെയാണ് തന്റെ പുഞ്ചിരിക്കുന്ന ചിത്രവുമായി ഹരീഷ് കണാരൻ സോഷ്യൽ മീഡിയയിൽ എത്തിയത്.

Read more