ഡല്‍ഹി ഓര്‍മ്മകളില്‍ നിറഞ്ഞ് ഇന്നസെന്റ്

മുന്‍ എംപിയും നടനുമായ ഇന്നസെന്റിനെ അനുസ്മരിക്കാന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നു. ലോക്‌സഭയില്‍ ഇന്നസെന്റ് തോല്‍പ്പിച്ച പിസി ചാക്കോയും ഇന്നസെന്റിനെ തോല്‍പ്പിച്ച ബെന്നിബഹനാനും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച ഓര്‍മകളില്‍ ഇന്നസെന്റ് എന്ന അനുസ്മരണ പരിപാടിയിലാണ് തിരഞ്ഞെടുപ്പ് കാലം ഓര്‍ത്തെടുത്തത് .

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആശുപതിയില്‍ ആയപ്പോള്‍ ആദ്യം ഓടിയെത്തിയത് ഇന്നസന്റ് ആയിരുന്നെന്നു ബെന്നിബെഹന്നാന്‍ പറഞ്ഞു . ചാലക്കുടിയില്‍ പിസി ചാക്കോയും ഇന്നസെന്റും തമ്മില്‍ മത്സരിച്ചപ്പോള്‍ ഉണ്ടായ രംഗങ്ങള്‍ വിവരിച്ചപ്പോള്‍ ചിരിപടര്‍ത്തി .

ഫലം വരുമ്പോള്‍ താന്‍ പാര്‍ലമെന്റിലും ഇന്നസെന്റ് ഇരിങ്ങാലക്കുടയിലും ഇരിക്കുമെന്ന് പറഞ്ഞത് അമിത ആത്മവിശ്വാസം മൂലമായിരുന്നു . ഒരിക്കല്‍ പാര്‍ലമെന്റില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ താനെന്താ ഇവിടെ എന്നായിരുന്നു ഇന്നസെന്റിന്റെ ചോദ്യമെന്നു പിസി ചാക്കോ പറഞ്ഞു.

ഒരുമിച്ചു സിനിമയില്‍ അഭിനയിച്ചതിനെകുറിച്ചാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞത്. ക്യാന്‍സര്‍ ചികിത്സയുടെ ഒരുഘട്ടത്തിലും അന്ധവിശ്വാസത്തിനു വഴങ്ങാതെ ശാസ്ത്രീയ ചികിത്സയിലായിരുന്നു ഇന്നസെന്റ് വിശ്വസിച്ചതെന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞു . ഇവരെ കൂടാതെ എംപിമാരായ അബ്ദു സമദ് സമദാനി ,രാജ്മോഹന്‍ ഉണ്ണിത്താന്‍ ,ബിനോയ് വിശ്വം,ഡോ .വി.ശിവദാസന്‍ ,എ .എം ആരിഫ്, കേരളം ഹൗസ് സ്‌പെഷ്യല്‍ ഓഫീസര്‍ പ്രൊഫ. കെവി തോമസ്, മാധ്യമപ്രവര്‍ത്തകരായ എന്‍ . അശോകന്‍ ,ജോര്‍ജ് കള്ളിവയലില്‍ , ഡോ .പ്രകാശന്‍ പുതിയേട്ടി, ഇന്നസെന്റിന്റെ പി എ ആയിരുന്ന അരുണ്‍ ദേവ് ,രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു ,ഹൈബി ഈഡന്‍ , ടി എന്‍ പ്രതാപന്‍ ,എന്‍ .അശോകന്‍ , ബാബു പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു . കെയുഡബ്ല്യൂജെ സെക്രട്ടറി ഡി.ധനസുമോദ് അധ്യക്ഷത വഹിച്ചു .