ഒരു സീനിന് മാത്രം 40 കോടി ചെലവ്, ഞെട്ടിച്ച് ഇന്ത്യന്‍ 2

കമല്‍ഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ രംഗമാണ് ഇപ്പോള്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ ചിത്രീകരിക്കുന്നത്. ഇപ്പോള്‍ ചിത്രീകരിക്കുന്ന സീനിനു വേണ്ടി മാത്രം 40 കോടിയാണ് ചെലവ്. ഏകദേശം 2000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഈ രംഗത്തില്‍ അഭിനയിക്കുന്നുണ്ട്. സേനാപതിയായി എത്തുന്ന കമലിനെ ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കാണാം. സിനിമയുേടതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കില്‍ കമല്‍ഹാസന്റെ ഗെറ്റപ്പ് പുറത്തുവിട്ടിരുന്നു.

ഫെബ്രുവരിയില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. നിര്‍മാതാക്കളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു ചിത്രീകരണം അവസാനിപ്പിച്ചത്. കാജല്‍ അഗര്‍വാള്‍ ആണ് ഇന്ത്യന്‍ 2വില്‍ നായിക. രാകുല്‍ പ്രീത്, സിദ്ധാര്‍ഥ് എന്നിവരാണ് മറ്റുതാരങ്ങള്‍.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച “ഇന്ത്യന്‍” 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. നിര്‍മാണം ലൈക പ്രൊഡക്ഷന്‍സ്.